കണ്ണൂർ: കുപ്രസിദ്ധ തീവ്രവാദ സംഘങ്ങളെ പോലെ ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടനയായി സി.പി.എം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സ്ഥിരമായി ആവർത്തിക്കുന്ന സി.പി.എമ്മിന്റെ ഒരു കെട്ടുകഥകൂടി പൊളിഞ്ഞിരിക്കുകയാണ്. ഇത്രയും ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടന ലോകത്തെങ്ങുമില്ല. പാർട്ടി അറിയാതെ ഒരു രാഷ്ട്രീയ കൊലപാതകവും നടക്കില്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വല്ലവരുടെയും മക്കളുടെ ശിരസ്സ് വെട്ടിപ്പിളർന്നും നെഞ്ച് വെട്ടിപ്പിളർന്നും ചോരകുടിച്ച് വീർത്ത പാർട്ടിയാണ് സി.പി.എമ്മെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. കൊലയാളികളെ സംരക്ഷിക്കാൻ ഖജനാവിൽ നിന്നും എത്ര കോടികളാണ് ചെലവഴിച്ചത്. പാർട്ടി നേതാക്കൾക്കുള്ള പങ്ക് വ്യക്തമാകുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തെ തുടക്കം മുതൽക്കെ എതിർത്തത്. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിക്കുന്ന മറ്റു കേസുകളെ എതിർക്കാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.
കൊലചെയ്യപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ കോടതിയിൽ പോയതുകൊണ്ടാണ് കേസ് സി.ബി.ഐ അന്വേഷിച്ചത്. ഈ കേസിന്റെ അവസാനം വരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനൊപ്പം കോൺഗ്രസുണ്ടാകും. ഇപ്പോഴും കൊലയാളികളുടെ ഭാര്യമാർക്ക് ജോലി കൊടുക്കുന്ന തിരക്കിലാണ് സർക്കാർ. പാർട്ടിക്കു വേണ്ടി കൊലപാതകം നടത്തിയാൽ ഏതുവിധേനയും സംരക്ഷിക്കുമെന്ന സന്ദേശമാണ് നൽകുന്നത്. ഇത് അപകടകരമാണ്.
പാർട്ടിയുടെ എല്ലാ തലങ്ങളിലുള്ള നേതൃത്വങ്ങളെയും അറിയിച്ചുകൊണ്ടാണ് പെരിയയിലെ കൊലപതകം നടത്തിയത്. അതുകൊണ്ടാണ് കൊലയാളികളെ സംരക്ഷിക്കാൻ ഖജനാവിലെ കോടികൾ മുടക്കി സുപ്രീം കോടതി വരെ പോയത്. ക്രൂരന്മാരായ കൊലയാളികളെ സംരക്ഷിക്കാൻ നമ്മുടെ നികുതിപ്പണം കൊണ്ടാണ് കേസ് നടത്തിയത്. അല്ലാതെ അവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന പണമല്ല. കണ്ണൂരിൽ നിന്നുള്ള വിദഗ്ദ്ധരായ കൊലയാളികളുടെ സേവനവും പെരിയ കൊലപാതകത്തിന് സി.പി.എം ഉപയോഗിച്ചിട്ടുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു.
content highlights:VD Satheesan allegation against CPM