തിരൂര്‍ > വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി അബ്ദുറഹ്മാന് പറഞ്ഞു. കോടികളുടെ വഖഫ് സ്വത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. അത് തിരിച്ചെടുക്കണമെന്നാണ് ലക്ഷ്യം. അത് തന്നെയാണ് മുസ്ലിം സമുദായത്തിന്റെയും ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നത് സംബന്ധിച്ച മുസ്ലിം ലീഗിന്റെ നിലപാടില്‍ മാറ്റം വരണം. ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. പ്രകോപനരമായ നിലപാടിലേക്ക് ലീഗ് പോകാന്‍ പാടില്ല. ബില്‍ എന്താണെന്നറിയാതെയാണ് പലരും പ്രതികരിക്കുന്നത്. വൈകാരികമായി സമുദായത്തെ ഇളക്കിവിടാന്‍ ലീഗും ചില സംഘടനകളും ശ്രമിക്കുകയാണ്. ജിഫ്രി തങ്ങളോട് ബഹുമാനം മാത്രമാണുള്ളതെന്നും, തന്നോടുള്ള വിമര്‍ശനം തെറ്റിധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു.