കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിൽ ഒരുകാലത്തും ലഭിക്കാത്ത ഭൂരിപക്ഷമാണ് സിപിഎമ്മിന് ലഭിച്ചത്. കൊലപാതകം നടന്ന പുല്ലൂർ-പെരിയ പഞ്ചായത്തിൽ കല്യോട് അടക്കം വലിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഞങ്ങളാണ് കൊലയാളികളെങ്കിൽ ജനങ്ങൾ ഞങ്ങൾക്ക് എതിരാകേണ്ടതല്ലേ? കോൺഗ്രസുകാർ അടക്കം സിപിഎമ്മിന് വോട്ട് ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും സിപിഎം പ്രവർത്തകരല്ല. പാവങ്ങൾ, ഇതൊന്നും അറിയാത്തവരാണ്. ഏത് അന്വേഷണവും നടത്താമെന്ന് പാർട്ടി പറഞ്ഞതാണ്. അന്വേഷണത്തിനിടെ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രതിചേർക്കുകയും ചെയ്തു. അതൊക്കെ മുറക്ക് നടക്കട്ടെ. ഞങ്ങൾക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാകില്ലെന്ന് എം വി ബാലകൃഷ്ണൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ, ഞങ്ങൾക്ക് അശേഷം പേടിയില്ല. ആരെ വേണമെങ്കിലും പ്രതിചേർക്കട്ടെ. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ. കോൺഗ്രസ് പറഞ്ഞ ആളുകളെ സിബിഐ പ്രതിചേർത്തിട്ടുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേസമയം കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ അടക്കം പ്രതിചേർത്തിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കുഞ്ഞിരാമൻ അടക്കം പത്ത് പേരെക്കൂടി പ്രതിചേർത്തിട്ടുണ്ടെന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. കിഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിരാമൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. കുഞ്ഞിരാമൻ അടക്കമുള്ള ബാക്കിയുള്ളവരുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കുകയാണെന്ന് സിബിഐ വ്യക്തമാക്കി.
സിബിഐ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ അറസ്റ്റാണ് ഇന്നലെ നടന്നത്. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പെരിയ കേസിലെ പ്രതികളുടെ എണ്ണം 24 ആയി. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു വർഷം മുമ്പാണ് സിബിഐ കേസ് ഏറ്റെടുത്തത്.