കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ. അറസ്റ്റ് ചെയ്ത എല്ലാവരും സിപിഎം പ്രവർത്തകരല്ല. പാവങ്ങൾ, ഇതൊന്നും അറിയാത്തവരാണ് എല്ലാവരും. ഇത് അവിടുത്തെ ജനങ്ങൾക്കും പാർട്ടിക്കുമറിയാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു ഏത് അന്വേഷണവും നടത്താമെന്ന് നേരത്തെ തന്നെ പാർട്ടി പറഞ്ഞതാണ്. അന്വേഷണം നടത്തിയപ്പോൾ സിപിഎം നേതാക്കളെ പ്രതിചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.അതൊക്കെ മുറയ്ക്ക് നടക്കട്ടെ. ഞങ്ങൾക്ക് കൈയും കെട്ടി നോക്കിനിൽക്കാൻ പറ്റില്ലെന്നും എം.വി.ബാലകൃഷ്ണൻ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിൽ ഒരുകാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സിപിഎമ്മിന് ലഭിച്ചിട്ടുള്ളത്. കൊലപാതകം നടന്ന പുല്ലൂർ-പെരിയ പഞ്ചായത്തിലടക്കമാണ് പാർട്ടിക്ക്വലിയ ഭൂരിപക്ഷം ലഭിച്ചത്. കല്ല്യോട്അടക്കമുള്ള വാർഡുകളെടുത്താലും മുമ്പ് ലഭിച്ചതിനേക്കാൾ വോട്ട് സിപിഎമ്മിനും ഇടുതുമുന്നണിക്കും ലഭിച്ചു.
ഞങ്ങളാണ് കൊലയാളിയെങ്കിൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ജനങ്ങൾ ഞങ്ങൾക്ക് എതിരാകേണ്ടതല്ലേ. കോൺഗ്രസുകാരടക്കം ഞങ്ങൾക്ക് വോട്ട് ചെയ്തല്ലോ. അപ്പോൾ ഇത് രാഷ്ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ. ഞങ്ങൾ അശ്ലേഷം ഭയമില്ല. ആരെ വേണമെങ്കിലും പ്രതിചേർക്കട്ടെ. മടിയിൽ കനമുള്ളവനെ അല്ലെ പേടിക്കേണ്ടതുള്ളൂ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
കോൺഗ്രസ് പറഞ്ഞ ആളുകളെ സിബിഐ പ്രതിചേർത്തിട്ടുണ്ട്. യുഡിഎഫും ബിജെപിയും അതിൽ ആർത്തട്ടഹസിച്ച് നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.