തിരൂർ: മലയാളിയുവതിക്ക് വംഗനാട്ടിൽനിന്ന് വരനെത്തി. വിവാഹം തിരൂരിലെ ഖത്തർ ഓഡിറ്റോറിയത്തിൽ ബംഗാളിലെ പരമ്പരാഗത ചടങ്ങോടെ ബുധനാഴ്ച രാത്രി നടത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും മാങ്ങാട്ടിരി കാർത്തികയിൽ താമസക്കാരനും മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ ജനാർദനൻ പേരാമ്പ്രയുടെയും പി. രാജിയുടെയും മകൾ ഗായത്രി ജനാർദനന് മിന്നുകെട്ടാനാണ് ബംഗാളിൽനിന്ന് സുദീപ്തേ ദേ എത്തിയത്.
ഇരുവരും ജോലിക്കിടയിലാണ് പരിചയപ്പെട്ടത്. ബിൽ കാഷ് കുമാർദേയുടെയും ദീപാലി ദേയുടെയും മകനാണ് സുദീപ്തേ ദേ. ഇദ്ദേഹം ബെംഗളൂരുവിൽ സ്ഫുട്നിക് വാക്സിൻ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഗായത്രി വെറ്ററിനറി ഡോക്ടറാണ്. ഇരുവരും യു.കെ.യിലാണ് പഠിച്ചത്.
പൂജകളോടെയാണ് വിവാഹം തുടങ്ങിയത്. ആദ്യം വരൻ വധുവിനെ കാണാതെ മറ്റൊരിടത്ത് മാറിയിരിക്കണം. തുടർന്ന് വിവാഹ വസ്ത്രമണിഞ്ഞ് വരനെ വിവാഹവേദിയിലേക്ക് ആനയിക്കും. വധുവിനെ പല്ലക്കിന് സമാനമായ പലകയിൽ കയറ്റിയിരുത്തി വെറ്റില കൊണ്ട് മുഖം മറച്ച് ബന്ധുക്കൾ വിവാഹവേദിയിലേക്ക് ആനയിക്കും. തുടർന്ന് മാലയിടും.
വിവാഹം നിശ്ചയിച്ചാൽ സന്തോഷസൂചകമായി അണിയിച്ചൊരുക്കിയ ഒരു മത്സ്യത്തെ വരന്റെ വീട്ടിലേക്കും തുടർന്ന് വധുവിന്റെ വീട്ടിലേക്ക് തിരിച്ചു വേറൊരു മത്സ്യവും കൊടുത്തയക്കാറുണ്ട്. ഹിൽസ, രോഹു എന്നീ മത്സ്യങ്ങളാണ് കുടുംബത്തിന്റെ സാമ്പത്തിക നിലക്കനുസരിച്ച് കൊടുത്തയക്കുക. മത്സ്യത്തിന് സാരിയുടുപ്പിച്ച് കമ്മലണിയിച്ച്സിന്ദൂരം ചാർത്തിയാണ് അലങ്കരിക്കുക.
വ്യാഴാഴ്ച കേരളത്തിന്റെ പരമ്പരാഗതചടങ്ങുകളോടുകൂടിയ വിവാഹം നടക്കും. ബുധനാഴ്ചത്തെ ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാൻ, കുറുക്കോളി മൊയ്തീൻ എം.എൽ.എ. എന്നിവർ ആശംസകളുമായി എത്തിയിരുന്നു.