ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഡാമിന്റെ പത്ത് ഷട്ടറുകൾ തുറന്നു. നിലവിൽ തുറന്നിരിക്കുന്ന എട്ട്ഷട്ടറുകൾക്കൊപ്പം പുലർച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്. 60 സെൻറീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മുന്നറിയിപ്പില്ലാതെ അർദ്ധരാത്രിയിൽ ഡാം തുറന്നതോടെ ആശങ്കയിലായത് വള്ളക്കടവ് നിവാസികളാണ്. സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും നിലനിൽക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത്. രണ്ട് ദിവസം മുമ്പ് സമാനമായ രീതിയിൽ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.
ഇന്നലെ രാവിലെ അണക്കെട്ടിലെ ഷട്ടറുകൾ പൂർണമായും അടച്ചിരുന്നു. എന്നാൽ ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്. സെക്കന്റിൽ 8000 ഘനയടി വെള്ളമാണ് ഇപ്പോൾ മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്കൊഴുകുന്നത്. ഇതേതുടർന്ന് വള്ളക്കടവിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇതാണ് ഇപ്പോൾ ജനരോഷത്തിന് ഇടയാക്കിയിരിക്കുന്നത്.
Content Highlights:mullaperiyar shutters raised without warning flooded several houses