ന്യൂഡൽഹി
എൽഡിഎഫ് സർക്കാരിന്റെ ചില നിലപാടുകൾക്കെതിരെ പള്ളികളിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവന അപകടകരമെന്ന് എളമരം കരീം എംപി. പള്ളികളെ രാഷ്ട്രീയവേദികളാക്കരുത്. ആരാധനാലയങ്ങളെ രാഷ്ട്രീയതാൽപ്പര്യങ്ങളുടെ വേദികളാക്കിയതു കാരണം ഉണ്ടായ വിപത്തുകൾക്ക് രാജ്യം പലവട്ടം സാക്ഷിയായിട്ടുണ്ട്.
ഓരോ പള്ളിയും അതതു മഹലുകളിലെ വിശ്വാസികളുടെ സ്വത്താണ്. വിശ്വാസികളിൽ രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമുണ്ട്. പള്ളികളിൽ ഏതെങ്കിലും രാഷ്ട്രീയമുള്ളവർ അവരുടെ പരിപാടികൾ നടത്താൻ ശ്രമിച്ചാൽ ആ രാഷ്ട്രീയനിലപാടുകളോട് വിയോജിപ്പുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകും. അത് സംഘർഷങ്ങൾക്ക് കാരണമാകും. ബഹുസ്വരസമൂഹത്തിൽ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് രാഷ്ട്രീയപാർടികൾ പ്രവർത്തിക്കേണ്ടത്. ഈ സാഹചര്യത്തിൽ മുസ്ലിംലീഗ് നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.