തിരുവനന്തപുരം
സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണ് മുസ്ലീംലീഗ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മുസ്ലിംലീഗ് രാഷ്ട്രീയ പാർടിയാണ്, മതസംഘടനയല്ല. ജുമാ നിസ്കാരത്തിനായി പള്ളിയിൽ എത്തുന്നവരിൽ എല്ലാ രാഷ്ട്രീയത്തിൽപ്പെട്ടവരുമുണ്ട്. സർക്കാരിനെതിരെ പ്രസംഗിച്ചാൽ ചോദ്യംചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരും. ഇത് സംഘർഷത്തിനിടയാക്കും. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികളാണ് പ്രതിരോധിച്ചത്.
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതിൽ മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ആശങ്കകൾ ദൂരീകരിച്ചേ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമാണ്. മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സിപിഐ എമ്മുമായി അടുക്കുന്നത് ലീഗിനെ ഭയപ്പെടുത്തുന്നു. ഇത് തടയാൻ വിശ്വാസപരമായ വൈകാരികത ചൂഷണം ചെയ്യുകയാണ്. മതേതര പാർടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു.
ലീഗ് ആഹ്വാനത്തിൽ കോൺഗ്രസും യുഡിഎഫിലെ ഘടകകക്ഷികളും അഭിപ്രായം പറയണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: സെക്കുലർ
കോൺഫറൻസ്
പിഎംഎ സലാമിന്റെ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് നാഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന കോ –-ഓർഡിനേറ്റർ സിറാജുദീൻ പെരിനാട് പ്രസ്താവനയിൽ പറഞ്ഞു. പള്ളികളിൽ സംഘർഷം സൃഷ്ടിക്കാനുള്ള അപകടകരമായ നീക്കമാണിത്. നീക്കം വലിയ വിപത്തിലേക്ക് എത്തിക്കും.
നാഷണൽ യൂത്ത് ലീഗ്
പരാതി നൽകി
പള്ളികളിൽ വെള്ളിയാഴ്ച സർക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്താൻ ആഹ്വാനം നൽകിയ മുസ്ലിം ലീഗ് പി എം എ സലാമിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി ഡിജിപിക്ക് പരാതി നൽകി.
മതവിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ ധ്രുവീകരണത്തിനും ശ്രമിക്കുന്ന ലീഗ് സാമൂഹ്യ ദ്രോഹ സംഘടനയായി. വിശ്വാസികളെ അണിനിരത്തി ഇത് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളികൾ സമരവേദിയാക്കരുത്:
മഹല്ല് ജമാഅത്ത് കൗൺസിൽ
പള്ളികൾ സമരവേദിയാക്കാനുള്ള മുസ്ലിം ലീഗ് ആഹ്വാനം വിശ്വാസികൾ തള്ളണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ ജമാഅത്ത് കമ്മിറ്റികളും വിശ്വാസികളും പ്രതികരിക്കണം. ഇങ്ങനെ ആഹ്വാനം ചെയ്യുന്നവർക്കെതിരെയും അത്തരത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റികൾക്കെതിരെയും നിയമ നടപടി സ്വീകരിക്കും. സമാന മനസ്കരുടെ യോഗം വിളിച്ച് ഭാവി പരിപാടി ആസൂത്രണം ചെയ്യും. പ്രസിഡന്റ് പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി കെ എ കരീം, ഹജ്ജ് കമ്മിറ്റി അംഗം കെ എം ഖാസിം കോയ പൊന്നാനി, സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. പി കെ മുഹമ്മദ് പുഴക്കര, സെക്രട്ടറി ഷബീർ ചെറുവാടി, സൈനുലബ്ദീൻ, കെ ടി അബ്ദുറഹ്മാൻ ഏറനാട്, ഒ വി ജാഫർ എന്നിവർ സംസാരിച്ചു.
ആഹ്വാനം വിശ്വാസികൾ തള്ളണം: ഐഎൻഎൽ
വഖഫ് ബോർഡ് വിഷയമുയർത്തി പള്ളികൾ സമരവേദിയാക്കാനുള്ള മുസ്ലിം ലീഗ് നീക്കം മതവിശ്വാസികൾ അവജ്ഞയോടെ തള്ളണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു. മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്ന നിലപാടിൽനിന്ന് ലീഗ് പിന്തിരിയണം. വിവിധ രാഷ്ട്രീയ വിശ്വാസമുള്ളവരും നിലപാടുകളുള്ളവരും സമ്മേളിക്കുന്ന പൊതുഇടത്തെ രാഷ്ട്രീയ ലക്ഷ്യത്തിനുള്ള കേന്ദ്രമാക്കരുതെന്നും വഹാബ് ആവശ്യപ്പെട്ടു.
പ്രതിഷേധാർഹം: എസ്വൈഎസ്
ആരാധനാലയങ്ങൾ രാഷ്ട്രീയവേദിയാക്കുന്ന മുസ്ലിം ലീഗ് നിലപാട് പ്രതിഷേധാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(കാന്തപുരം) വ്യക്തമാക്കി. പവിത്രത കാത്തു സൂക്ഷിക്കേണ്ട ഇടമാണ് പള്ളി. രാഷ്ട്രീയ നിലപാട് പ്രഖ്യാപനം അരക്ഷിതാവസ്ഥയും അസമാധാനവും ഉണ്ടാക്കുമെന്ന് കാന്തപുരം വിഭാഗം എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു. കേരള മുസ്ലിം ജമാ അത്ത് പള്ളികളിൽ ഇത്തരമൊരു നടപടി ഉണ്ടാവില്ല.