തിരുവനന്തപുരം
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിലങ്ങുതടിയായെന്ന് ഹൈക്കമാൻഡിനെ വാക്കാൽ അറിയിച്ചാൽ മതിയെന്ന നിലപാടിലേക്ക് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഗ്രൂപ്പുകൾക്കെതിരെ ഇ– -മെയിൽ മുഖേനയോ നേരിട്ടോ പരാതി നൽകാതെ കാര്യങ്ങൾ ധരിപ്പിക്കുകയെന്ന തന്ത്രമാണ് സ്വീകരിക്കുക. ഹൈക്കമാൻഡിനു മുമ്പിൽ പരാതിയുമായി പോകേണ്ട ഗുരുതര സാഹചര്യമില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ഇത് സൂചിപ്പിക്കുന്നു. അതേസമയം, ഉമ്മൻചാണ്ടിയും ചെന്നിത്തലയും അടങ്ങിയ ഗ്രൂപ്പ് കോക്കസ് തങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന പരാതി ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് വഴിയൊരുക്കാതെ ഗ്രൂപ്പുകൾക്കെതിരെ നിലപാട് കടുപ്പിക്കാനാണ് നീക്കം. സംസ്ഥാന നേതൃത്വത്തിനെതിരെ ഉമ്മൻചാണ്ടി സോണിയ ഗാന്ധിക്ക് നൽകിയ പരാതി നിലവിലുണ്ട്. തങ്ങൾകൂടി പരാതിപ്പെട്ടാൽ ഹൈക്കമാൻഡ് ഇടപെടലുണ്ടാകുമെന്ന് കരുതിയാണ് തൽക്കാലിക പിന്മാറ്റം. അതേസമയം, പുനഃസംഘടനയിലടക്കം അനുനയത്തിന് ഒരുക്കമല്ലെന്ന നിലപാടിന് മൂർച്ച കൂട്ടും. ഒരടി പിൻവാങ്ങി രണ്ടടി മുന്നോട്ടു കയറുക എന്ന തന്ത്രമാണ് ഇരുവരും പയറ്റുന്നത്.
ഗ്രൂപ്പുകളും പുതിയ നേതൃത്വവും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി നേതൃത്വത്തിലും മുന്നണിയിലും ശക്തമാണ്. മുസ്ലിംലീഗ് അടക്കം കോൺഗ്രസ് ചേരിപ്പോരിൽ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കെ സുധാകരനെയും വി ഡി സതീശനെയും അതൃപ്തി അറിയിച്ചു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് കാര്യങ്ങൾ വഷളാക്കിയെന്ന തോന്നൽ ഉണ്ടാക്കേണ്ടെന്ന് ഇരുവരും ധാരണയിലെത്തിയത്. ഗ്രൂപ്പുകളും ഉമ്മൻചാണ്ടിയും ചെന്നിത്തലയും എത്ര പ്രകോപനം സൃഷ്ടിച്ചാലും പ്രതികരിക്കില്ല. പകരം അവരുടെ ചലനങ്ങളും മറ്റും അപ്പപ്പോൾ കെ സി വേണുഗോപാൽ വഴി ഹൈക്കമാൻഡിനെ അറിയിക്കും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും പൂർണമായി മുഖംതിരിച്ചിട്ടുണ്ട്. കെ സി വേണുഗോപാൽ നേരത്തേമുതൽ പുതിയ നേതൃത്വത്തിനൊപ്പമാണ്. ഫലത്തിൽ പരാതിക്ക് ചെവികൊടുക്കാൻപോലും ആരുമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും.