തിരുവനന്തപുരം
പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ‘പിഡബ്ല്യുഡി ദൗത്യം’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചതായി പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതലത്തിൽ പൊതുമരാമത്ത് സെക്രട്ടറി, വകുപ്പ് ജോയിന്റ് സെക്രട്ടറി, ആർബിഡിസികെ എംഡി, വകുപ്പിലെ ചീഫ് എൻജിനിയർമാർ, മന്ത്രി എന്നിവർ സംഘത്തിൽ ഉൾപ്പെടും. രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരും. വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു, ആർബിഡിസികെ എംഡി എസ് സുഹാസ് എന്നിവർക്കാണ് ഏഴുവീതം ജില്ലയുടെ ചുമതല.
ജില്ലകളിൽ കലക്ടർമാർ ചെയർമാനായ ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോ–-ഓർഡിനേഷൻ കമ്മിറ്റി ( ഡിഐസിസി) രൂപീകരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഡിഎൽപി ബോർഡ്:
ഉദ്ഘാടനം 4ന്
പരിപാലനച്ചുമതലയുള്ള റോഡിൽ കരാറുകാരന്റെയും ചുമതലപ്പെട്ട പിഡബ്ല്യുഡി എൻജിനിയറുടെയും വിവരം പരസ്യപ്പെടുത്തുന്ന ബോർഡ് സ്ഥാപിക്കലിന്റെ ഉദ്ഘാടനം നാലിന് രാവിലെ ഒമ്പതിന് മാസ്കറ്റ് ഹോട്ടലിൽ നടക്കും. നടൻ ജയസൂര്യ മുഖ്യാതിഥിയാകും. വട്ടിയൂർക്കാവ് ഗോൾഫ് ലിങ്ക് റോഡിലാണ് ആദ്യം ബോർഡ് സ്ഥാപിക്കുക.
അധികം അനുവദിച്ചത്
93 കോടി
മഴയിൽ തകർന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് 93 കോടി രൂപ ഈ വർഷം അധികം അനുവദിച്ചു. കഴിഞ്ഞ തവണ 180 കോടി രൂപയാണ് നൽകിയത്. ഈ വർഷം പെരുമഴയിൽ കൂടുതൽ റോഡ് തകർന്ന പശ്ചാത്തലത്തിൽ 273. 41 കോടി രൂപ ഇതിനകം അനുവദിച്ചു. മഴമാറുന്ന മുറയ്ക്ക് പണി ആരംഭിക്കാനുള്ള ദൗത്യം പൂർത്തിയാക്കി.