കൊച്ചി
എറണാകുളം സൗത്ത് സ്റ്റേഷനിലെ ഇലക്ട്രിക് ലോക്കോ ഷെഡ്ഡിന് വൈദ്യുതി കണക്ഷൻ വൈകിപ്പിക്കുന്നതിനുപിന്നിൽ തമിഴ്നാട് ലോബി. ഇവിടെ വൈദ്യുതി ലഭിച്ചാലുടൻ അറ്റകുറ്റപ്പണിക്കായി എൻജിനുകൾ എത്തിക്കാം. ഇപ്പോൾ കേരളത്തിൽനിന്നുള്ള എൻജിനുകൾ ഈറോഡ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലാണ് കൊണ്ടുപോകുന്നത്. എറണാകുളത്ത് ഇലക്ട്രിക് ലോക്കോ ഷെഡ് പ്രവർത്തനമാരംഭിച്ചാൽ തമിഴ്നാടിന്റെ മേൽക്കോയ്മ നഷ്ടമാകുന്നതാണ് വൈദ്യുതി കണക്ഷൻ നിഷേധിക്കാൻ കാരണം.
എറണാകുളത്തിനൊപ്പം നിർമാണം പൂർത്തിയായതാണ് തിരുച്ചിറപ്പള്ളിയിലെ ലോക്കോഷെഡ്. ഇവിടെ ഉടൻ വൈദ്യുതി നൽകി. എന്നാൽ, കേരളത്തിനു പതിവായ അവഗണന റെയിൽവേ ഇക്കാര്യത്തിലും തുടർന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഡീസൽ ഷെഡ്ഡിനോടുചേർന്നുള്ള ഇലക്ട്രിക് ലോക്കോ ഷെഡ്ഡിന് വിചിത്രമായ സാങ്കേതിക കാരണം പറഞ്ഞാണ് വൈദ്യുതി നിഷേധിക്കുന്നത്. പ്ലാറ്റ്ഫോമിലുള്ള ഫില്ലിങ് പോയിന്റിലേക്ക് ഡീസൽ എൻജിനുകൾക്കായി ഇന്ധനം എത്തിക്കുന്ന പൈപ്പിനു താഴെക്കൂടിയാണ് വൈദ്യുതി നൽകാൻ ലൈൻ വലിക്കേണ്ടത്. സുരക്ഷാകാരണങ്ങൾമൂലം, പൈപ്പ് മാറ്റാതെ കണക്ഷൻ നൽകാനാകില്ലെന്നാണ് ചെ ന്നൈയിലെ ചീഫ് ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ എൻജിനിയർ പറയുന്നത്.
ട്രെയിനുകൾക്ക് വൈദ്യുതി നൽകുന്ന ലൈൻ പൈപ്പിനു സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. ഇത്തരം കണക്ഷൻതന്നെയാണ് ഇലക്ട്രിക് ഷെഡ്ഡിനും വേണ്ടത്. അതിനാൽ എൻജിനിയറുടെ വാദത്തിൽ കഴമ്പില്ലെന്ന് റെയിൽവേ ജീവനക്കാർ പറയുന്നു.