ന്യൂഡൽഹി
സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീമും സിപിഐ സഭാനേതാവ് ബിനോയ് വിശ്വവുമടക്കം 12 എംപിമാരെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്തതിനെതിരെ പാര്ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം തുടരുന്നു. രാജ്യസഭാ നടപടി ബുധനാഴ്ചയും പൂർണമായി തടസ്സപ്പെട്ടു. ലോക്സഭയിൽ ചോദ്യോത്തരവേള മുടങ്ങി. ശീതകാല സമ്മേളനത്തിന്റെ തുടർന്നുള്ള ദിവസങ്ങളിലും വിഷയത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
സസ്പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരും രാജ്യസഭാ അധ്യക്ഷനും. മാപ്പുപറയണമെന്ന ആവശ്യം പാർലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി ആവർത്തിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് കുറ്റബോധമില്ലെന്നും നടപടി പിൻവലിക്കാനാകില്ലെന്നും സഭാധ്യക്ഷൻ വെങ്കയ്യ നായിഡു രാജ്യസഭയിൽ പറഞ്ഞു. എന്നാല്, അന്യായമായ സസ്പെൻഷൻ പിൻവലിക്കാതെ സഹകരിക്കില്ലെന്ന് രാജ്യസഭയിൽ പ്രതിപക്ഷം വ്യക്തമാക്കി.
സസ്പെൻഡ് ചെയ്യപ്പെട്ട 12 എംപിമാരും രാവിലെ 10 മുതൽ അഞ്ചുവരെ പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി. 11 വരെ മറ്റു പ്രതിപക്ഷാംഗങ്ങളും ഐക്യദാർഢ്യം അറിയിച്ച് എംപിമാർക്കൊപ്പം ധർണയിൽ പങ്കാളികളായി. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സർക്കാർ ജനകീയ വിഷയങ്ങളുയർത്തിയ എംപിമാരെ സസ്പെൻഡ് ചെയ്തത് ബില്ലുകളും മറ്റും എളുപ്പത്തിൽ പാസാക്കാനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിപക്ഷ പ്രതിഷേധം രാജ്യത്തിന് മാറ്റത്തിന്റെ സന്ദേശമാണ് നല്കുന്നതെന്ന് എളമരം കരീമും ബിനോയ് വിശ്വവും പറഞ്ഞു.