ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വികസിത സംസ്ഥാനങ്ങളെ ഏറെ ദൂരം പിന്നിലാക്കിയ കേരളത്തിൽ ദേശീയ ശരാശരി വേതനമായ 315.3 രൂപയുടെ ഇരട്ടിയോളം ദിവസവേതനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
കേരളത്തിലെ ഗ്രാമീണമേഖലയിൽ കര്‍ഷകരൊഴികെയുള്ള വിഭാഗത്തിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ ശരാശരി ഒരു ദിവസം 677.6 രൂപ വരുമാനം ലഭിച്ചതായി റിസര്‍വ് ബാങ്കിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വ്യവസായവത്കരിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയാണ് കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇവിടെ ഗ്രാമീണമേഖലയിൽ ഒരു തൊഴിലാളിയ്ക്ക് 262.3 രൂപ മാത്രമാണ് വേതനം ലബിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിൻ്റെ ലേബര്‍ ബ്യൂറോയുടെ ഇന്ത്യൻ ലേബര്‍ ജേണലിൽ വ്യക്തമാക്കുന്നു.
സമാനമായ സാഹചര്യമുള്ള ഗുജറാത്തിലും ഒരു ദിവസം ശരാശരി 239.3 രൂപയാണ് വരുമാനം ലഭിക്കുന്നത്. ഉത്തര്‍ പ്രദേശിൽ ഗ്രാമീണ മേഖലയിൽ തൊഴിലാളികള്‍ക്ക് ശരാശരി 286.8 രൂപ വേതനം ലഭിക്കുമ്പോള്‍ ബിഹാറിൽ 289.3 രൂപയാണ് കിട്ടുന്നത്.
പട്ടികയിൽ ഏറ്റവും മുന്നിലാണ് കേരളത്തിൻ്റെ സ്ഥാനം. പ്രതിദിനം ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് 483 രൂപ നല്‍കുന്ന ജമ്മു കശ്മീരിനെക്കാള്‍ 200 രൂപയിലേറെയാണ് കേരളത്തിലെ വേതനം. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 449.5 രൂപയാണ് വേതനമായി നല്‍കുന്നത്. 20 സംസ്ഥാനങ്ങളുടെ കണക്കിൽ 15 സംസ്ഥാനങ്ങളും ദേശീയ ശരാശരിയെക്കാള്‍ പിന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Also Read:
കാര്‍ഷികമേഖലയിലും കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതെന്നാണ് ആര്‍ബിഐ കണക്കുകള്‍ ഉദ്ധരിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ടിൽ പറയുന്നത്. കേരളത്തിൽ കാര്‍ഷിക മേഖലയിൽ 706.5 രൂപയാണ് ശരാശരി വരുമാനം. ജമ്മു കശ്മീരിൽ 501.1 രൂപയും തമിഴ്നാട്ടിൽ 432.2 രൂപയുമാണ് കര്‍ഷകരുടെ വരുമാനം. 309.9 രൂപയാണ് ദേശീയ ശരാശരി. എന്നാൽ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് പ്രതിദിനം 213.1 രൂപയും മഹാരാഷ്ട്രയിൽ 267.7 രൂപയും ഒരു ദിവസം ലഭിക്കുന്നു. പഞ്ചാബിൽ 357 രൂപയും ഹരിയാനയിൽ 384.8 രൂപയും ഗ്രാമീണ കര്‍ഷകര്‍ക്ക് വേതനമായി ലഭിക്കുന്നു. 2020 ഏപ്രിൽ, മെയ് മാസങ്ങള്‍ ഒഴികെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 10 മാസങ്ങളിലെ കണക്കുകള്‍ അപഗ്രഥിച്ചാണ് രിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
Also Read:
ഗ്രാമീണ മേഖലയിൽ രാജ്യത്തു തന്നെ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് നിര്‍മാണ മേഖലയിലാണ്. കേരളത്തിിലെ ഗ്രാമങ്ങളിൽ ഒരു നിര്‍മാണത്തൊഴിലാളിയ്ക്ക് ശരാശരി ലഭിക്കുന്നത് 829.7 രൂപയാണ്. എന്നാൽ ദേശീയ ശരാശരി 362.2 രൂപ മാത്രമാണ്. തമിഴ്നാട്ടിൽ 468.3 രൂപയും മഹാരാഷ്ട്രയിൽ 347.9 രൂപയും ഒരു ദിവസം ശരാശരി ലഭിക്കുന്നു. കേരളത്തിലേയ്ക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്കിനെ സാധൂകരിക്കുന്നതാണ് റിസര്‍വ് ബാങ്കിൻ്റെ ഈ കണക്കുകള്‍. 2017-18 സാമ്പത്തിക വര്‍ഷത്തിൽ കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 31 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് കേരളത്തിലുള്ളത്.