ന്യൂഡൽഹി: രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴിൽ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.കേരളത്തിൽ ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിക്ക് മുകളിലാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് (കാർഷികേതര വിഭാഗത്തിലെ പുരുഷന്മാർ) 2020-21 വർഷത്തിൽ പ്രതിദിനം ശരാശരി 677.6 രൂപ കൂലി ലഭിക്കുന്നതായിറിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ദേശീയ തലത്തിൽ ഇത് 315.3 രൂപയാണ്.രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായും മുൻനിര കാർഷികോൽപാദക സംസ്ഥാനമായുംകണക്കാക്കപ്പെടുന്ന മഹാരാഷ്ട്രയിൽ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 262.3 രൂപ മാത്രമാണ്.കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ ലേബർ ജേണലിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങൾ.
വികസനത്തിന്റേയും വ്യവസായവത്കരണത്തിന്റേയും മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗുജറാത്തിൽ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി. ഉത്തർപ്രദേശിൽ 286.8 രൂപയും ബിഹാറിൽ ശരാശരി 289.3 രൂപയും ഗ്രാമീണ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വേതനത്തിൽ ഒന്നാമത് നിൽക്കുന്ന കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്നാടുമാണ്. ജമ്മുകശ്മീരിൽ 483 രൂപയും തമിഴ്നാട്ടിൽ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികൾക്ക് ശരാശരി പ്രതിദിനം കിട്ടുന്നത്. തിരഞ്ഞെടുത്ത 20 സംസ്ഥാനങ്ങളിൽ 15 സംസ്ഥാനങ്ങളിലും ഗ്രാമീണ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയേക്കാളും പിന്നിലാണെന്നുംറിപ്പോർട്ടിൽ പറയുന്നു.
ഗ്രാമീണ കാർഷിക വിഭാഗത്തിലും തൊഴിലാളികൾക്ക് നൽകുന്ന വേതനത്തിൽ കേരളം തന്നെയാണ് ഒന്നാമത്. ഗ്രാമീണ കർഷകതൊഴിലാളികൾക്ക് കേരളത്തിൽ 706.5 രൂപയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്നത്. ജമ്മുകശ്മീരിൽ 501.1 രൂപയും തമിഴ്നാട്ടിൽ 432.2 രൂപയും ലഭിക്കുന്നു. ദേശീയ ശരാശരി 309.9 രൂപയാണ്.
ഗുജറാത്തിൽ ഗ്രാമീണ കർഷകതൊഴിലാളികൾക്ക് 213.1 രൂപയും മഹാരാഷ്ട്രയിൽ 267.7 രൂപയുമാണ് 2020-21 വർഷത്തിൽ പ്രതിദിനം ലഭിച്ചതെന്ന് റിസർവ് ബാങ്ക് കണക്കുകൾ പറയുന്നു.പഞ്ചാബിൽ കർഷകതൊഴിലാളികൾക്ക് 357 രൂപയും ഹരിയാണയിൽ 384.8 രൂപയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിർമാണ മേഖലയിലും ഗ്രാമീണ തൊഴിലാളികൾക്ക് കിട്ടുന്ന വേതനത്തിൽ കേരളത്തെ മറികടക്കാൻ ആരുമില്ല. 829.7 രൂപ നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് കേരളത്തിൽ ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ ദേശീയ ശരാശരി362.2 രൂപ മാത്രമാണ്. തമിഴ്നാട്ടിൽ 468.3 രൂപയും മഹാരാഷ്ട്രയിൽ 347.9 രൂപയുമാണ് നിർമാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന കൂലി.
Content Highlights :Rural wages;Kerala tops the list, 15 states lag national average