പാരിസ്
പാരിസിലെ ഡു ചാറ്റെലെറ്റ് തിയറ്ററിൽ ലയണൽ മെസിക്കൊപ്പം റോബർട് ലെവൻഡോവ്സ്കിയും തല ഉയർത്തിനിന്നു. ബാലൻ ഡി ഓർ പുരസ്കാരപോരിൽ മെസിക്കുപിന്നിൽ രണ്ടാമനായെങ്കിലും ഏവരുടെയും ഹൃദയം കവർന്നാണ് ബയേൺ മ്യൂണിക് മുന്നേറ്റക്കാരൻ വേദി വിട്ടത്. അർഹിച്ച ബാലൻ ഡി ഓർ കഴിഞ്ഞവർഷം കോവിഡ് മഹാമാരി കവർന്നു. ഇത്തവണയും മികവിന് കുറവുണ്ടായില്ല. പക്ഷേ, പോളണ്ട് കുപ്പായത്തിൽ എടുത്തുപറയാൻ നേട്ടങ്ങളില്ലാത്തത് തിരിച്ചടിയായി. പുതുതായി ആരംഭിച്ച മികച്ച മുന്നേറ്റക്കാരനുള്ള പുരസ്കാരത്തിൽ തൃപ്തിപ്പെടേണ്ടിവന്നു ലെവൻഡോവ്സ്കിക്ക്.
കോവിഡിനെ തുടർന്ന് അവസാനവർഷം ബാലൻ ഡി ഓർ പുരസ്കാരം ഉപേക്ഷിച്ചിരുന്നു. ബയേണിനായി ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ അഞ്ചു കിരീടങ്ങളും അറുപതോളം ഗോളും അടിച്ചുകൂട്ടി ലെവൻഡോവ്സ്കി നിറഞ്ഞ സീസണായിരുന്നു അത്. ഈ വർഷം 64 ഗോളും 10 അസിസ്റ്റും സ്വന്തം പേരിലുണ്ട്. ക്ലബ് ലോകകപ്പ് ഉൾപ്പെടെ മൂന്നു കിരീടങ്ങളും നേടി. പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ മെസി, ലെവൻഡോവ്സ്കിയെ പ്രശംസിച്ചു.
സ്പെയ്നിന്റെയും ബാഴ്സയുടെയും മധ്യനിരക്കാരി അലെക്സിയ പുറ്റെലാസാണ് വനിതാതാരം. യൂറോ കപ്പിൽ ഇറ്റലിയെ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാനിയായ ജിയാൻല്യൂജി ദൊന്നരുമ്മയാണ് മികച്ച ഗോൾ കീപ്പർ. സ്പെയ്നിന്റെയും ബാഴ്സലോണയുടെയും മധ്യനിരക്കാരൻ പെഡ്രി യുവതാരത്തിനുള്ള പുരസ്കാരവും നേടി. ചെൽസിയാണ് മികച്ച ടീം. ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോളാണ്’ ബാലൻ ഡി ഓർ പുരസ്കാരം ഏർപ്പെടുത്തുന്നത്. മാധ്യമ പ്രവർത്തകർ വോട്ടെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.















