ന്യൂഡൽഹി
സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം, സിപിഐ രാജ്യസഭാ നേതാവ് ബിനോയ് വിശ്വം എന്നിവരടക്കം 12 എംപിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർടികൾ പാർലമെന്റിന്റെ ഇരുസഭയും ബഹിഷ്കരിച്ചു. രാഷ്ട്രീയപ്രേരിതമായ നടപടി പിൻവലിക്കുംവരെ പ്രതിഷേധം തുടരുമെന്നും പ്രഖ്യാപിച്ചു.
മാപ്പുപറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചെങ്കിലും എംപിമാർ വിസമ്മതിച്ചു. പ്രതിപക്ഷമില്ലാത്തതിനാൽ ഡാം സേഫ്റ്റി ബിൽ ചർച്ചയ്ക്കെടുക്കാതെ രാജ്യസഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പലവട്ടം നിർത്തിവച്ച ലോക്സഭ ബുധൻ ചേരാനായി പിരിഞ്ഞു. സുപ്രീംകോടതി–- ഹൈക്കോടതി ജഡ്ജിമാർക്ക് നിശ്ചിത പ്രായമെത്തുമ്പോൾ അധിക പെൻഷനോ കുടുംബ പെൻഷനോ അനുവദിക്കുന്നതിൽ വ്യക്തത വരുത്തിയുള്ള ബിൽ നിയമ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ചു.
രാജ്യസഭ രാവിലെ ചേർന്നപ്പോൾ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും മറ്റ് കക്ഷി നേതാക്കളും എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടു. മുന്സമ്മേളനത്തിലെ വിഷയങ്ങളുടെ പേരിൽ നടപ്പ് സമ്മേളനത്തിൽ നടപടിയെടുക്കുന്നത് ചട്ടം 256 പ്രകാരം ക്രമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. വെങ്കയ്യ വഴങ്ങാത്തതിനെത്തുടർന്ന് സഭ ബഹിഷ്കരിച്ച പ്രതിപക്ഷാംഗങ്ങൾ ഗാന്ധി പ്രതിമയ്ക്കുമുന്നിൽ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചു.
ലോക്സഭയിലും പ്രതിപക്ഷം ആഞ്ഞടിച്ചു. ഇടതുപക്ഷവും കോൺഗ്രസും ഡിഎംകെയും മറ്റ് പ്രതിപക്ഷ പാർടികളും നടപടികൾ ബഹിഷ്കരിച്ചു. തൃണമൂൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കർ ഓം ബിർള പിന്നീട് കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സസ്പെൻഷനിൽ നിലപാട് ചർച്ച ചെയ്യാൻ ചേർന്ന പ്രതിപക്ഷ യോഗത്തിലും തൃണമൂൽ പങ്കെടുത്തില്ല. അടുത്ത ദിവസംമുതൽ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചു.
സസ്പെൻഷൻ
രാജ്യസഭയിൽ
ഭൂരിപക്ഷമില്ലാത്തതിനാൽ
ഭൂരിപക്ഷം കഷ്ടിയായ രാജ്യസഭയിൽ നിർണായക ബില്ലുകൾ പാസാക്കാനാണ് മോദി സർക്കാർ 12 എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന ആക്ഷേപം ശക്തം. രാജ്യസഭയിൽ നിലവിൽ 239 അംഗങ്ങള്. സ്വതന്ത്രരും നാമനിർദേശം ചെയ്തവരുമടക്കം എൻഡിഎയോട് ചേർന്നുനിൽക്കുന്നവരെക്കൂടി ചേർത്താലും സർക്കാരിനൊപ്പം 118 പേർ. പ്രതിപക്ഷത്ത് 12 എംപിമാർ കുറഞ്ഞതോടെ സർക്കാരിന് എളുപ്പത്തിൽ ഭൂരിപക്ഷമുണ്ടാക്കാം.
ബാങ്കിങ് മേഖല സ്വകാര്യവൽക്കരിക്കുന്നതടക്കം നിരവധി സുപ്രധാന ബില്ലുകൾ അജൻഡയിലുണ്ട്. വർഷകാല സമ്മേളനത്തിൽ ജനറൽ ഇൻഷുറൻസ് സ്വകാര്യവൽക്കരണ ബിൽ അവതരിപ്പിച്ചപ്പോൾ ഇടതുപക്ഷ എംപിമാരടക്കം വലിയ പ്രതിഷേധമുയർത്തി. അതിന്റെ പേരിലാണ് ചട്ടം ലംഘിച്ച് സസ്പെൻഷൻ. 2020ലെ വർഷകാല സമ്മേളനത്തിൽ സമാന സാഹചര്യത്തിലാണ് മൂന്ന് കർഷകദ്രോഹ ബിൽ സർക്കാർ പാസാക്കിയത്.
എളമരം കരീമും കെ കെ രാഗേഷുമടക്കം എട്ട് എംപിമാരെ പ്രതിഷേധിച്ചതിന് സഭയിൽനിന്ന് പുറത്താക്കി. രാത്രിയിലടക്കം പാർലമെന്റ് വളപ്പിൽ ചെലവഴിച്ചാണ് എംപിമാർ പ്രതിഷേധിച്ചത്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ചർച്ചയോ വോട്ടോ കൂടാതെ ബില്ലുകൾ പാസാക്കുകയാണ് സര്ക്കാര് രീതി.