വീടിന് അർഹരായവരുടെ എണ്ണം പ്രസിദ്ധീകരിക്കാൻ പഞ്ചായത്തുകൾക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം 22 ശതമാനം അപേക്ഷകളുടെ പരിശോധന മാത്രമാണ് പൂർത്തിയായതെന്ന് സുധാകരൻ ആരോപിച്ചു. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെച്ചൊല്ലി കൃഷി-തദ്ദേശ വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് ലൈഫ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയതെന്ന് സുധാകരൻ പറഞ്ഞു.
തർക്കം പരിഹരിക്കേണ്ട സിപിഎം-സിപിഐ നേതൃത്വം ഉദ്യോഗസ്ഥരുടെ ചേരിപ്പോരിന് വളംവെച്ചുകൊടുത്തു. 9,20,256 പേരാണ് വീടിനു വേണ്ടി അപേക്ഷിച്ചത്. ഇതിൽ 2,06,064 അപേക്ഷകളുടെ പരിശോധന മാത്രമാണ് പൂർത്തിയായത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ 30 ശതമാനം അപേക്ഷകളിൽ പരിശോധന പൂർത്തിയായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മറ്റു ജില്ലകളിലെ അവസ്ഥ ഇതിലും പരിതാപകരമാണ്.
പാലക്കാട് ജില്ലയിലെ 1.36 ലക്ഷം അപേക്ഷകളിൽ 1.22 ലക്ഷം അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ഇടുക്കി ജില്ലയിലെ 38122 അപേക്ഷകളിൽ 5712 അപേക്ഷകളാണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒന്നാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ച അപേക്ഷകളിൽ 17 മാസം അടയിരുന്നു. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒമ്പത് ലക്ഷം അപേക്ഷകൾ സ്വീകരിച്ചെങ്കിലും ഒന്നര വര്‍ഷമായിട്ടും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. വിവിധ ഭവന നിര്‍മ്മാണ പദ്ധതികൾ ലയിപ്പിച്ച് ലൈഫ് മിഷനു കീഴിൽ കൊണ്ടുവന്നതോടെയാണ് പദ്ധതി നിലച്ചതെന്ന് സുധാകരൻ ആരോപിച്ചു.
2011 മുതല്‍ 2016 വരെ ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ നാല് ലക്ഷം വീടുകൾ നിര്‍മ്മിച്ചു നൽകിയെന്ന് സുധാകരൻ അവകാശപ്പെട്ടു. എന്നാൽ ഒന്നാം പിണറായി സര്‍ക്കാരിന്റെ 2016 മുതല്‍ 2021 വരെയുള്ള കാലയളവിൽ രണ്ട് ലക്ഷത്തിൽ താഴെ വീടുകൾ മാത്രമാണ് നിര്‍മ്മിച്ചതെന്നും സുധാകരൻ പറഞ്ഞു. ഭവന രഹിതര്‍ക്ക് വീടുനൽകുന്നത് ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ പ്രചരിപ്പിച്ചില്ല. എന്നാൽ പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നവകേരള സ്വപ്നം എന്നൊക്കെ പറഞ്ഞ് വലിയ സംഭവമാക്കിമാറ്റാൻ ശ്രമിച്ചെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.