കുമളി > വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറച്ചുനിർത്താൻ തമിഴ്നാടിന്റെ തീവ്രശ്രമം. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ പലഘട്ടങ്ങളിലായി ഒമ്പത് സ്പിൽവേ ഷട്ടർവരെ തമിഴ്നാട് തുറന്ന് വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കി. തിങ്കൾ രാത്രി 11 വരെ ഒരു ഷട്ടർ 10 സെന്റീമീറ്റർ മാത്രം ഉയർത്തിയാണ് വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിയിരുന്നത്.
ജലനിരപ്പ് 142 അടി എത്തിയതോടെ ചൊവ്വ പുലർച്ചെ അഞ്ചിന് നാല് ഷട്ടർ 30 സെന്റീമീറ്റർ വീതം ഉയർത്തി. 5.30നും ആറിനും ഓരോ ഷട്ടർകൂടി ഉയർത്തി. ജലനിരപ്പ് നിയന്ത്രിക്കാൻ രാവിലെ ഒമ്പതോടെ ആകെ ഒമ്പത് ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്കൊഴുക്കി. ഇതിൽ അഞ്ച് ഷട്ടർ 60 സെന്റീമീറ്റർ വീതവും നാല് ഷട്ടർ 30 സെന്റീമീറ്റർ വീതവുമാണ് ഉയർത്തിയത്. സെക്കൻഡിൽ 5691.16 ഘനയടി വീതം വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കി. ഒമ്പതു ഷട്ടറുകൾ തുറന്നതോടെ പെരിയാർ നദിയിൽ വീതികുറഞ്ഞ ഭാഗങ്ങളിൽ മൂന്നടി വരെ വെള്ളം ഉയർന്നു.
ചൊവ്വ ഉച്ചയ്ക്കുശേഷം മുല്ലപ്പെരിയാർ സ്പിൽവേയുടെ ആറു ഷട്ടർ തമിഴ്നാട് അടച്ചു. അതിനുശേഷം മൂന്നു ഷട്ടർ 30 സെന്റീമീറ്റർ വീതം ഉയർത്തി 1259.97 ഘനയടിയായി വെള്ളത്തിന്റെ അളവ് കുറച്ചു. ചൊവ്വ രാവിലെ ആറുവരെയുള്ള 24 മണിക്കൂറിൽ അണക്കെട്ട് പ്രദേശത്ത് 12.2 മില്ലീമീറ്ററും തേക്കടിയിൽ 29.4 മില്ലീമീറ്ററും മഴപെയ്തു. ടണൽവഴി തമിഴ്നാട് സെക്കൻഡിൽ 2300 ഘനയടി വീതം വെള്ളം കൊണ്ടുപോയി. വൈകിട്ട് അഞ്ചിന് ജലനിരപ്പ് അൽപം കുറഞ്ഞ് 141.95 അടിയായി.