നെടുങ്കണ്ടം:മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്ന് തുറന്നുപറഞ്ഞത് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിർമ്മിച്ച മുല്ലപ്പെരിയാർ ഡാമിന്റെ അകം കാലിയായി. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും എം.എം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
മുൻമന്ത്രിയുടെ വാക്കുകൾ
സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശർക്കരയും സുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാൻ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളിൽ സിമന്റ് പൂശിയാൽ നിൽക്കുമോ. എന്തേലും സംഭവിച്ചാൽ വരാൻ പോകുന്നത് അവർ വെള്ളം കുടിക്കാതെയും ചാകും, നമ്മൾ വെള്ളം കുടിച്ചും ചാകും.
വണ്ടിപ്പെരിയാറിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ ബോംബ് പോലെ നിൽക്കുവാ ഈ സാധനം. വലിയ പ്രശ്നമാ. ഞാൻ ഇത് നിയമസഭയിൽ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്നാട്ടുകാർ. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാർഗം. നമ്മുടെ എൽഡിഎഫ് ഗവൺമെന്റിന് ഇക്കാര്യത്തിൽ ഈ നിലപാട് തന്നെയാണ്. അതിനോട് യോജിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താൽ പ്രശ്നം വേഗത്തിൽ തീരും.. ഇല്ലേ വല്ലോം സംഭവിച്ചാൽ ദുരന്തമായി തീരും. ഇത് നിൽക്കുവോ എന്ന് തുരന്ന് നോക്കാൻ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല.
എത്രയും വേഗം പുതിയ ഡാമിന് രണ്ട് സർക്കാരും ചേർന്നാൽ തീരും. ഇതിനും നിങ്ങൾ ഹൈറേഞ്ച് സംരക്ഷണ സമിതി ശബ്ദം ഉയർത്തണം എന്നാണ് എനിക്ക് തോന്നുന്നത്. വിഷയം ഉയർത്തുമ്പോൾ രണ്ട് സംസ്ഥാനത്തേയും ജനങ്ങൾ തമ്മിൽ ഒരു സംഘർഷമുണ്ടാകാതെ തന്മയത്തത്തോടെ വേണം കൈകാര്യം ചെയ്യാൻ
മുലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്നും അനാവശ്യ ഭീതി പടർത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് സർക്കാരും മുഖ്യമന്ത്രിയും പറയുമ്പോൾ മണി ആശാന്റെ ഈ വാക്കുകൾ എന്നതാണ് ശ്രദ്ധേയം
Content Highlights:Mullaperiyar dam’s safety situation alarming says former ministerM M Mani