തിരുവനന്തപുരം: കോൺഗ്രസിന്റെ രണ്ട് മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് സംസ്ഥാന നേതൃത്വം പരാതി നൽകും. ചിലർ മാധ്യമങ്ങൾക്ക് പാർട്ടിയിൽ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും ആരോപണമുണ്ട്. നേതൃത്വവും ഗ്രൂപ്പുകളും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.
സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിനെ സമീപിക്കാനിരിക്കെയാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാന്റിന് മുന്നിലേക്ക് പോകുന്നത്. കോൺഗ്രസിലെ രണ്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് ഉടൻ തന്നെ പരാതി നൽകും. ഹൈക്കമാന്റ് ഈ വിഷയത്തിൽ ഇടപെടണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.
ഇതുകൂടാതെ ഗ്രൂപ്പുകൾ മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയാണെന്നും ഇവർ ആരോപിക്കുന്നു. നിസ്സാര കാര്യങ്ങളെ വലിയ വാർത്തയാക്കി അണികളുടെ വീര്യം കെടുത്താനുള്ള ശ്രമമാണ് ഒരു വശത്ത് നടക്കുന്നതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വം പരാതിയിൽ ആരോപിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽനിന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നുകൊണ്ട് എ, ഐ ഗ്രൂപ്പുകളുടെ പ്രതിഷേധം പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വവും ഗ്രൂപ്പ് നേതാക്കളും തമ്മിലുള്ള ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
Content Highlights:open war inside congress in kerala as kpcc complaint against two senior leaders