തിരുവനന്തപുരം > റിസർവ് ബാങ്കിനെ ഉപയോഗിച്ച് സഹകരണമേഖല കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്ത് സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചു. സഹകാരികളുടെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗത്തിലായിരുന്നു രൂപീകരണം. കോൺഗ്രസ് നേതാവ് കരംകുളം കൃഷ്ണപിള്ള ചെയർമാനും പാക്സ് അസോസിയേഷൻ പ്രസിഡന്റ് വി ജോയി എംഎൽഎ കൺവീനറുമാണ്. ആർബിഐ നിലപാടിനെതിരെ സമിതിയുടെ നേതൃത്തിൽ ജനകീയ പ്രചാരണം നടത്തുമെന്ന് യോഗശേഷം സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഡിസംബർ നാലുമുതൽ ആറുവരെ ജില്ലകളിൽ കൺവൻഷൻ ചേരും. സർവീസ് സഹകരണ സംഘവും ബാങ്കും അടിസ്ഥാനമാക്കി പ്രാദേശിക കൺവൻഷനും ചേരും. ബാങ്ക് അല്ലാത്ത സഹകരണ സംഘങ്ങളിലും സഹകാരികളുടെ യോഗം വിളിച്ചുചേർത്ത് കാര്യങ്ങൾ വിശദീകരിക്കും. ജില്ലാ, പ്രാദേശിക സംരക്ഷണസമിതികളും രൂപീകരിക്കും. ആർബിഐയുടെ സർക്കുലറിലെയും പത്രപരസ്യത്തിലെയും വസ്തുതകൾ ബോധ്യപ്പെടുത്തുന്ന നോട്ടീസ് വീടുകളിലെത്തിക്കും. ജില്ലകളിലെ കൺവൻഷൻ പൂർത്തിയായശേഷം ആർബിഐയുടെ മുന്നിൽ പ്രത്യക്ഷ സമരം തുടങ്ങുന്നതും ആലോചിക്കും. തീയതി അടക്കമുള്ള കാര്യങ്ങൾ സമിതി യോഗംചേർന്ന് തീരുമാനിക്കും. ബിജെപിയുടെ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
സുപ്രീംകോടതിയിൽ ഉടൻ ഹർജി നൽകും: മന്ത്രി വി എൻ വാസവൻ
സഹകരണമേഖല കൈപ്പിടിയിലാക്കാനുള്ള റിസർവ് ബാങ്ക് നീക്കത്തിനെതിരെ നിയമപോരാട്ടത്തിന് സർക്കാർ മുൻകൈ എടുക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകാരികളുടെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തദിവസം സുപ്രീംകോടതിയിൽ ഹർജി നൽകും. കോടതിയിലെ കേരള സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസിലുമായും ആശയവിനിമയം നടത്തി. അഭിഭാഷകരെ നിശ്ചയിക്കുന്നതിനും മറ്റും ഡൽഹിയിൽ സ്റ്റാൻഡിങ് കോൺസിലുമായി ചർച്ച നടത്തും. കേന്ദ്രസർക്കാരിൽ സജീവമായി ഇടപെടാനായി എംപിമാരുമായി ആശയവിനിമയം നടത്തും.
ആർബിഐ പരസ്യം തെറ്റിധാരണയുണ്ടാക്കുന്നതാണ്. അംഗത്വത്തിലെ തരംതിരിവ് വേണ്ടെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്. ആർബിഐ തീട്ടൂരം പുറപ്പെടുവിക്കേണ്ട. കേന്ദ്ര സർക്കാരിന്റെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ഗ്യാരന്റി കോർപറേഷനിൽനിന്ന് നയാപൈസ കേരളത്തിലെ നിക്ഷേപകന് കിട്ടിയിട്ടില്ല.
സംസ്ഥാന സർക്കാരിനുകീഴിൽ സഹകരണ നിക്ഷേപ ഗ്യാരന്റി സ്കീമുണ്ട്. രണ്ടുലക്ഷം രൂപവരെ നൽകുന്നു. പരിധി ഉയർത്തൽ ആലോചനയുണ്ട്. ഇതിനായി ചട്ടഭേദഗതിയടക്കം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.