ന്യൂഡൽഹി
നിയമം കൊണ്ടുവരാൻ വിപുലമായ കൂടിയാലോചന നടത്തിയെന്ന പിൻവലിക്കൽ ബില്ലിലെ സർക്കാരിന്റെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് അഖിലേന്ത്യാ കിസാൻസഭ.
കർഷക സംഘടനകളുമായി സർക്കാർ കൂടിയാലോചന നടത്തിയിട്ടില്ല. എംപിമാരെപ്പോലും കേട്ടില്ല. രാജ്യസഭയിൽ വോട്ട് ആവശ്യപ്പെട്ടവരെ സസ്പെൻഡ് ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനും തയ്യാറായില്ല. സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചില്ല. സമീപകാലത്ത് രാജ്യത്തുണ്ടായ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടിയേറ്റത് സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധത്തിന് തെളിവാണ്. യുപി അടക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു മാത്രമാണ് നിയമങ്ങൾ പിൻവലിച്ചത്. തൊഴിലാളികളുടെ പിന്തുണയോടെയുള്ള ചരിത്രപരമായ കർഷക സമരം സൃഷ്ടിച്ച സമ്മർദമാണ് നിയമങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ന്യായീകരണം തള്ളി
ഉയർന്ന വില ഉറപ്പാക്കി കർഷകർക്ക് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നു കാർഷികനിയമം കൊണ്ടുവന്നതെന്ന സർക്കാർ ന്യായീകരണം തള്ളി അഖിലേന്ത്യാ കിസാൻസഭ. തിങ്കളാഴ്ച പാർലമെന്റിൽ പാസാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കൽ ബില്ലിന്റെ ഭാഗമായി മൂന്നു നിയമത്തെയും സർക്കാർ ന്യായീകരിക്കുന്നു. ഇതിനായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങളെ ഒന്നൊന്നായി കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും ഖണ്ഡിച്ചു.