ബ്രസ്സൽസ്
ഒമിക്രോൺ ഭീതിയിൽ നിയന്ത്രണങ്ങളും നിരോധനവും കർശനമാക്കി ലോകരാജ്യങ്ങൾ. വൈറസ് സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളെ ഒറ്റപ്പെടുത്തരുതെന്ന യുഎൻ അഭ്യർത്ഥന തള്ളി കൂടുതൽ രാജ്യങ്ങൾ അതിർത്തി അടച്ചു.
എല്ലാ വിദേശ സന്ദർശകർക്കും ചൊവ്വാഴ്ചമുതൽ പ്രവേശനം താൽക്കാലികമായി നിൽത്തിവച്ച് ജപ്പാൻ. ഇസ്രയേലും വാതിലടച്ചു. തിങ്കൾമുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് ഒറ്റവിമാനവും പ്രവേശിപ്പിക്കില്ലെന്ന് മൊറോക്കോ പ്രഖ്യാപിച്ചു. എട്ട് ആഫ്രിക്കൻ രാജ്യക്കാർക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിരവധി യൂറോപ്യൻ രാജ്യങ്ങളും ഇറാൻ, പാകിസ്ഥാൻ, സൗദി, ഒമാൻ, ശ്രീലങ്ക, കുവൈത്ത്, ഇൻഡോനേഷ്യ, മാലദ്വീപ് എന്നീ രാജ്യങ്ങളിലും വിലക്ക് തുടരുന്നു.
അഫ്രിക്കൻ പൗരന്മാർക്ക് നിരോധനം ഉണ്ടെങ്കിലും രാജ്യത്തിനകത്ത് കോവിഡ് നിയന്ത്രണം ലഘൂകരിക്കാൻ ന്യൂസിലൻഡ് തീരുമാനിച്ചു. മലേഷ്യയെയും സിംഗപ്പുരിനെയും ബന്ധിപ്പിക്കുന്ന കോസ്വേ പാലം ഭാഗികമായി തുറന്നു.
ഒമിക്രോണ്‍ പടരുന്നു
അതിര്‍ത്തികള്‍ അടയ്ക്കുന്നെങ്കിലും കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദത്തില്‍പ്പെട്ട പുതിയ കോവിഡ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോര്‍ച്ചുഗലില്‍ 13 പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സ്കോട്ട്ലൻഡിൽ ആറുപേരില്‍ കൂടി കണ്ടെത്തി. ബ്രിട്ടനിൽ ഇതുവരെ 11 പേര്‍ക്ക് ആയി.
നെതർലൻഡ്സിലും ക്യാനഡയിലും ഓസ്ട്രേലിയയിലും ജര്‍മനിയിലും തിങ്കളാഴ്ചയും പുതിയ ഒമിക്രോണ്‍ വൈറസ് വാഹകരെ സ്ഥിരീകരിച്ചു. പുതിയ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ മൂവായിരത്തോളം പ്രതിദിന കോവിഡ് ബാധിതരുണ്ട്. ഇതില്‍ വലിയൊരു ശതമാനം ഒമിക്രോണ്‍ വകഭേദത്തില്‍പ്പെട്ടതാണ്. ബോട്സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഡെൻമാർക്ക്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ എത്തി.