മന്ത്രിയായിരിക്കുന്നിടത്തോളം കാലം മിന്നൽ സന്ദർശനം തുടരും. എന്ത് വിമർശനം ഉണ്ടായാലും ജനം ഒപ്പമുണ്ടെന്ന വിശ്വാസം ഉണ്ട്. സർക്കാർ നയമാണ് നടപ്പാക്കുന്നത്. പ്രഖ്യാപനങ്ങൾ നടത്തിയ ശേഷം വീട്ടിൽ പോയി ഇരുന്നാൽ മതിയോ എന്നും അദ്ദേഹം ചോദിച്ചു.
വിമർശനം മൂലം പുറത്തേക്ക് ഇറങ്ങാതിരുന്നാൽ നാളെ അതിനും വിമർശനം വരില്ലേ? കഴിഞ്ഞ ആറ് മാസത്തിനിടെ ജില്ലാ ഓഫീസുകളിലും ഒട്ടുമിക്ക താലൂക്ക് ഓഫീസുകളിലും സന്ദർശം നടത്തി. ഇനിയും സന്ദർശനം തുടരുമെന്നും റിയാസ് പറഞ്ഞു.
മിന്നൽ സന്ദർശനം ജനങ്ങളെ എന്തിനു കാണിക്കണം എന്നാണ് ചിലർ ചോദിക്കുന്നത്. ജനങ്ങൾ കണ്ടുള്ള പരിപാടി മതി ഇവിടെ. കാര്യങ്ങൾ എല്ലാം സുതാര്യമാണെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വടകരയിലെ റസ്റ്റ് ഹൗസിൽ സന്ദര്‍ശനം നടത്തിയതോടെയാണ് മന്ത്രിയുടെ പ്രവര്‍ത്തി വെറും പിആര്‍ വര്‍ക്കാണെന്ന വിമര്‍ശനം ഉയര്‍ന്നത്. റസ്റ്റ് ഹൗസിൽ നടന്നു വരുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനായിരുന്നു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വടകരയിലെത്തിയത്. റസ്റ്റ് ഹൗസ് പരിസരത്ത് മദ്യകുപ്പികൾ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജീയറോട് മന്ത്രി ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസ് പരിസരത്തുണ്ടായിരുന്ന മദ്യക്കുപ്പി ഉയർത്തിക്കാട്ടിയാണ് മന്ത്രി നടപടി ആവശ്യപ്പെട്ടത്.
ഒരു മാസം മുൻപ് തിരുവനന്തപുരത്തും മന്ത്രി റിയാസ് മിന്നൽ പരിശോധന നടത്തിയിരുന്നു. അലംഭാവം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. നവംബര്‍ ഒന്നിനു റസ്റ്റ് ഹൗസുകളിൽ പൂര്‍ണമായി ഓൺലൈൻ റിസര്‍വേഷൻ നടപ്പാക്കി പൊതുജനങ്ങള്‍ക്ക് മുറികള്‍ ലഭ്യമാക്കുന്നതിനു മുന്നോടിയായിരുന്നു പരിശോധന.