കൊച്ചി: ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ. പണം വീണ്ടെടുത്ത് നൽകിഎറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ്. ദീപാവലിക്ക് സ്മാർട്ട് ടിവിക്ക് ഓഫറുണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ ഫ്ളിപ്പ് കാർട്ടിന്റെ കസ്റ്റമർ കെയർ നമ്പർ പരതിയത്. ലഭിച്ചത് വ്യാജനമ്പറാണെന്ന് അറിയാതെകിട്ടിയ നമ്പറിൽ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു. ഓഫർ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കിൽ ഉളള ഫോറം ഫിൽചെയ്തു നൽകാനും തട്ടിപ്പ് സംഘം പറഞ്ഞു.
ഫ്ളിപ്പ് കാർട്ടിന്റേതാണെന്നു തോന്നിക്കുന്ന തരത്തിലുളള ലിങ്കും ഒപ്പം ഒരു ഫോമും അയച്ചു നൽകി. അതിൽ പേരും അക്കൗണ്ട് നമ്പറും ബാങ്ക് യു.പി.ഐ ഐഡി വരെ നൽകാൻ ആവശ്യപ്പെട്ടിരുന്നു.വീട്ടമ്മ വിവരങ്ങളെല്ലാം നൽകുകയും ചെയ്തു. ഉടനെ ഒരു എസ്.എം.എസ് വന്നു. ആ സന്ദേശം സംഘം നിർദ്ദേശിച്ച മൊബൈൽ നമ്പറിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. വീട്ടമ്മ ഉടനെ അയക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ഓൺലൈൻ നെറ്റ് ബാങ്കിങ്ങിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ കൈകളിലായി. സംഘം മൂന്നു പ്രാവശ്യമായി 25,000 വച്ച് 75,000 രൂപ ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചർ വാങ്ങുകയും 2000 രൂപ അക്കൗണ്ട് ട്രാൻസ്ഫർ നടത്തുകയും ചെയ്തു.
പണം നഷ്ടപ്പെട്ട വീട്ടമ്മ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. തുടർന്ന് സൈബർ പോലിസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം ഈ തുക ഉപയോഗിച്ച് ഒൺലൈൽ വ്യാപാരസൈറ്റുകളിൽ നിന്ന് അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ വാങ്ങിയെന്നും ഇരുപത്തയ്യായിരം രൂപയുടെ പർച്ചേസ് നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് പോലീസിന്റെ സമയോചിതമായ ഇടപെടൽ നിമിത്തം സംഘം നടത്തിയ ബാങ്ക് ഇടപാട് ഫ്രീസ് ചെയ്യിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടിൽ പണം തിരികെയെത്തിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എം. തൽഹത്, സി.പി.ഒമാരായ വികാസ് മാണി, പി.എസ്. ഐനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇന്റർനെറ്റിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ് തട്ടിപ്പിൽ പെടരുതെന്നും ബാങ്കിങ്വിവരങ്ങൾ പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.
Content Highlights:Women loses Rs 77,000 after searching for customer care number in google, Police recovered the amount