കൊച്ചി > ആറ്റിങ്ങലിൽ വിദ്യാർഥിനിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. കുട്ടിയുടെ ചികിത്സാവിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണം. പൊലീസുകാരിയെ സ്ഥലംമാറ്റിയ ഉത്തരവും അതിനുള്ള കാരണങ്ങളും അറിയിക്കാനും കോടതി നിർദേശിച്ചു.
പൊലീസ് പരസ്യമായി അപമാനിച്ചതും ചോദ്യം ചെയ്തതും മാനസികാഘാതത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പൊലീസുകാരി മാപ്പ് പറഞ്ഞിരുന്നെങ്കിൽഅപ്പോൾത്തന്നെ പ്രശ്നം തീർന്നേനെ. കാക്കി ധരിച്ചിട്ടുണ്ടെന്ന അഹന്തയും ധാർഷ്ട്യവുമാണ് അവർ പ്രകടിപ്പിച്ചത്. പൊലീസുകാരി ഒരു സ്ത്രീ അല്ലേ. ഇങ്ങനെയാണോ പെരുമാറേണ്ടത്. ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ല. വിദേശത്തായിരുന്നുവെങ്കിൽ കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നേനെ. നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോൾ ആളുകളോട് പൊലീസ് പെരുമാറുന്നത്. കുട്ടിക്ക് പൊലീസിനോടുള്ള പേടി ജീവിതകാലത്ത് മാറുമോ.
ദൃശ്യങ്ങൾ ഉള്ളതുകൊണ്ട് ഇതെങ്കിലും പുറത്തുവന്നു. ഇതുപോലെ എത്ര സംഭവങ്ങൾ നടന്നുകാണും. മൊബൈൽഫോൺ സുരക്ഷിതമായി വയ്ക്കേണ്ടത് പൊലീസുകാരിയുടെ ചുമതലയാണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തത്. ചില വീഴ്ച ഉണ്ടായെന്ന് വ്യക്തമാണെന്നും സ്ഥലംമാറ്റം ശിക്ഷയാണോ എന്നും കോടതി ആരാഞ്ഞു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.