തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിനകത്ത് പുതിയ വകഭേദംഉണ്ടോയെന്ന് ജനിതക ശ്രേണീകരണം വഴി പരിശോധിക്കുന്നുണ്ട്. ജനിതക ശ്രേണീകരണം തുടർച്ചയായി നടത്തിവരുന്ന പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോൺ 12 രാജ്യങ്ങളിൽ റിപ്പോർട്ടുചെയ്യുകയും അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുതുക്കുകയും ചെയ്ത സാഹചര്യത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് വരുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലവുമായാണ് വരുന്നത്. എത്തിയ ശേഷം വീണ്ടും അവർക്ക് പരിശോധന നടത്തണമെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. നെഗറ്റീവാണെങ്കിൽ ഏഴുദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കിൽ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തിൽ കഴിയണം.
പരിശോധനാഫലം പോസിറ്റീവാണെങ്കിൽ അങ്ങനെയുള്ളവരെ പ്രത്യേകം ആശുപത്രികളിലേക്ക് മാറ്റണമെന്നും പ്രത്യേകം വാർഡ് ക്രമീകരിക്കണം എന്നുമാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം. ആ രീതിയിൽ അവർക്ക് വേണ്ടി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുന്നുണ്ട്. പക്ഷേ പുതിയ വകഭേദംസംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. ജനിതക ശ്രേണീകരണം തുടർച്ചയായി നടത്തിവരുന്നുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് വരുന്ന ആരെങ്കിലും പോസിറ്റീവ് ആയാൽ അവരുടെ സാമ്പിളും ജനിതക ശ്രേണീകരണത്തിന് നൽകും.
ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നതല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ അഞ്ച് ശതമാനം ആളുകളെ പരിശോധനക്ക് വിധേയരാക്കണം എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങളിലുള്ളത്. ആ രീതിയിൽ അഞ്ച് ശതമാനം ആളുകളെ പരിശോധിക്കും. അവർ സ്വയം നിരീക്ഷണത്തിലായിരിക്കണം. 14 ദിവസം നീരീക്ഷണത്തിൽ കഴിയണം. വിമാനത്താവളങ്ങളിൽ പ്രത്യേകം ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ക്വാറന്റീൻ ഉൾപ്പെടെ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights:Covid Omicron variant : Kerala put on alert, says Minister Veena George