
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 14 ദിവസം ക്വാറൻ്റൈൻ ഏർപ്പെടുത്തും. സുരക്ഷ പ്രധാനമായ കാര്യമാണ്. പോസിറ്റീവ് ഫലം ലഭിച്ചാൽ ഇവർക്ക് പ്രത്യേക വാർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. നാളെ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ കൊവിഡ് പരിശോധന നടത്തും. ടെറ്റ്സ് ഫലം നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറൻ്റൈൻ നിർബന്ധമാണ്. ഏഴ് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്നും ഏഴ് ദിവസം ക്വാറൻ്റൈനിലിരിക്കണം. പരിശോധനയിൽ പോസിറ്റീവായാൽ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതോടെ സംസ്ഥാനത്ത് എത്തുന്നവർ ആകെ 14 ദിവസം ക്വാറൻ്റൈനിൽ തുടരേണ്ടിവരും.
വിമാനത്താവളാത്തിൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചുവെന്ന് മന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് അഞ്ച് ശതമാനം ആളുകളെ റാൻഡം ടെസ്റ്റിന് വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.
അവലോകനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല. അകലം പാലിക്കുന്നതിനൊപ്പം മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം. ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസി ആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.















