സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം നടപ്പിലാക്കുന്നതിൽ ഭിന്നാഭിപ്രായം പുതിയ വിഷയമല്ല. ആരാധനാക്രമങ്ങളിൽ ഉണ്ടായിട്ടുള്ള വ്യത്യസ്തതകൾ ഏകീകരിക്കണമെന്നും അതുവഴി സഭക്ക് ഐക്യം കൈവരിക്കണമെന്നും സിനഡ് തീരുമാനം മുമ്പേ നിലവിൽ വരികയും ചെയ്തിരുന്നു. എന്നിട്ടും ആ തീരുമാനത്തെ സ്വീകരിക്കാൻ ഇന്നും പല വിശ്വാസികൾക്കും കഴിഞ്ഞിട്ടില്ല. കാലങ്ങളോളമായി തങ്ങൾ പിന്തുടർന്നു വരുന്ന ആരാധന ക്രമത്തിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ല.
എറണാകുളം-അങ്കമാലി അതിരൂപതയിലാണ് കുർബാന ഏകീകരണത്തിന് എതിരെ ശക്തമായ പ്രതിഷേധം നടക്കുന്നത്. അൾത്താരയ്ക്ക് അഭിമുഖമായി കുർബാന നടത്തണം എന്ന 1999ലെ സിനഡ് നിർദ്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇടയലേഖനം വായിക്കുന്നതിൽ വലിയ തോതിലുള്ള എതിർപ്പുമായി വൈദികർ തന്നെ രംഗത്തെത്തിയിരുന്നു.
പരിഷ്‌കരിച്ച പുതിയ നിയമങ്ങൾ തങ്ങൾക്ക് നടപ്പിലാക്കാൻ പറ്റില്ലെന്ന് തന്നെയായിരുന്നു വൈദികർ പരസ്യമായി പറഞ്ഞത്. പക്ഷേ, എതിർപ്പുകളെ വകവെക്കാതെ ഇടയലേഖനം വായിക്കാൻ തന്നെയാണ് വൈദികരോട് സഭാ നേതൃത്വം ആവശ്യപ്പെട്ടത്. കുർബാനയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ വിശ്വാസികളെ അറിയിക്കുന്നതിന് വേണ്ടിയിട്ടുള്ളതായിരുന്നു ഇടയലേഖനം. ഇതിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പ്രദേശങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
വത്തിക്കാൻ തീരുമാനപ്രകാരം സീറോ മലബാർ സഭ സിനഡിന്റെ നിർദ്ദേശപ്രകാരം കുർബാന ഏകീകരണം നടപ്പാക്കാൻ കർദിനാൾ ജോർജ്ജ് ആലഞ്ചേരി നൽകിയ അറിയിപ്പുകൾ ഇടയലേഖനമായി നൽകിയെങ്കിലും അത് വായിക്കാൻ ചില വിശ്വാസികൾ സമ്മതിച്ചിരുന്നില്ല.
കാലങ്ങളോളമായി തങ്ങൾ പിന്തുടർന്നു വരുന്ന വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ല എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സീറോ മലബാർ സഭയിലെ ആരാധാന ക്രമം പരിഷ്‌കരിക്കാൻ കഴിഞ്ഞ വർഷം തന്നെ തീരുമാനമായിരുന്നു. സിനഡ് പരിഷ്‌കരിച്ച ആരാധാന ക്രമത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു. പുതുക്കിയ ആരാധാന ക്രമം നിലവിൽ വന്നാൽ കുർബാനയുടെ ദൈർഘ്യം കുറയും എന്നതാണ് ഒരു കാര്യം. അൾത്താരക്ക് അഭിമുഖമായി നിന്നുകൊണ്ട് കുർബാന ചെയ്യണമെന്ന് 99ലെ സിനഡ് നിയമത്തിൽ പറഞ്ഞിരുന്നു. നിലവിൽ എറണാകുളം, അങ്കമാലി അതിരൂപതകൾ അൾത്താര അഭിമുഖ കുർബാനക്കെതിരെയാണ് നിലകൊള്ളുന്നത്.
എന്താണ് ഈ പ്രശ്‌നത്തിന് പിന്നിൽ?
വിവിധ സഭകൾ ചേർന്നതാണ് ഒരു കത്തോലിക്കാ സഭ. ക്രിസ്ത്യൻ മതത്തിൽ വിവിധ സഭകളുണ്ട് അതിലൊരു സഭയാണ് കത്തോലിക്ക സഭ. ഏറ്റവും കൂടുതൽ ആളുകൾ ഉള്ളതും ഏറ്റവും വലിയ സഭ എന്നു പറയുന്നതും കത്തോലിക്ക സഭയാണ്. കത്തോലിക്കാ സഭക്കുള്ളിൽ നിലനിൽക്കുന്ന ഒരോ സഭക്കും അതിന്റേതായ പ്രാർത്ഥനാ രീതികളും അവരുടേതായ പാരമ്പര്യവും ഉണ്ട്. അതിലൊന്നാണ് സീറോ മലബാർ സഭ. കേരളത്തിൽ നിലവിലുള്ള സഭകളാണ് സീറോ മലബാർ സഭ, സീറോ മലങ്കര സഭ, ലത്തീൻ സഭ.
ആഗോളമായി നോക്കുകയാണെങ്കിൽ 23 സഭകൾ കൂടിച്ചേർന്നതാണ് കത്തോലിക്കാ സഭ. ഓരോ സഭക്കും അവരുടേതായ ആരാധനാ രീതികളും പാരമ്പര്യങ്ങളുമുണ്ട്. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ജനാഭിമുഖ കുർബാനയുടെ പ്രശ്നം ആരംഭിച്ചിരിക്കുന്നത് സീറോ മലബാർ സഭയിലാണ്. ബാക്കിയെല്ലാ സഭകൾക്കും പൊതുവായ ആരാധനാ ക്രമമാണുള്ളത്. ആരാധനക്കും പ്രാർത്ഥനക്കും മറ്റു കാര്യങ്ങൾക്കുമെല്ലാം പൊതുവായ നിയമങ്ങളാണ് ഈ സഭകളെല്ലാം തന്നെ അനുസരിച്ച് പോരുന്നത്. എന്നാൽ സീറോ മലബാർ സഭക്ക് മാത്രം ആരാധാന ക്രമത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ച് കുർബാനയുടെ കാര്യത്തിൽ ഒരു ഏകീകരണം ഇതുവരേയും ഉണ്ടായിരുന്നില്ല. നിലവിൽ ബാക്കിയുള്ള എല്ലാ സഭകളിലും ഐക്യം നിലനിൽക്കുകയും സീറോ മലബാർ സഭയിൽ മാത്രം പല രീതിയിലുള്ള കീഴ് വഴക്കങ്ങൾ പിന്തുടരുകയുമാണ് ഇത്രയും കാലം ചെയ്തു പോന്നത്. സീറോ മലബാർ സഭയിൽ ആരാധനാക്രമത്തിന്റെ കാര്യത്തിൽ ഐക്യം ഇല്ലാത്തതിനാലാണ് കുർബാനയുടെ കാര്യത്തിൽ ഒരു ഏകീകരണം വേണമെന്ന ആവശ്യം ഉയരുന്നത്. വർഷങ്ങളായി ഈ ഏകീകരണം നടപ്പിലാക്കണമെന്ന് സഭക്കുള്ളിൽ നിന്നു തന്നെ ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ മാത്രമാണ് ആ ആവശ്യം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന കാര്യം ശക്തമാകാൻ തുടങ്ങിയത്.
1998ൽ സീറോ മലബാർ സഭയുടെ മെത്രാൻമാരുടെ സിനഡ് എല്ലാവരും ഏകീകരിച്ചുള്ള കുർബാന അർപ്പണം കൈകൊള്ളാമെന്ന തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പിലായില്ല. പല കാരണങ്ങൾ കൊണ്ടും ആ ആവശ്യം നടപ്പിലാക്കാതെ പോകുകയായിരുന്നു.
നിലവിൽ ഓരോ രൂപതയും അത് രൂപം കൊണ്ട നാൾ മുതൽ ആചരിച്ചു വന്നിരുന്ന ഒരു ആരാധന ക്രമമുണ്ട്. മലബാർ ഭാഗങ്ങളിൽ ജനങ്ങളെ അഭിമുഖമായി നിന്നുകൊണ്ട് കുർബാന നടത്തുന്ന ആരാധനാ ക്രമമാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിന്റെ തെക്ക് പ്രദേശങ്ങളിൽ, തിരുവിതാംകൂർ, കോട്ടയം ഭാഗങ്ങളോട് ചേർന്ന് കിടക്കുന്ന രൂപതകളെല്ലാം തന്നെ അവരുടെ ആരംഭകാലഘട്ടം മുതൽ പകുതി ജനങ്ങൾക്കഭിമുഖമായി നിന്നുകൊണ്ടും പകുതി അൾത്താരക്ക് അഭിമുഖമായി നിന്നുകൊണ്ടുമാണ് കുർബാനകൾ കൈകൊള്ളുന്നത്. കുർബാന സ്വീകരിക്കുന്നതിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ജനങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല.
‘അൾത്താരക്ക് അഭിമുഖമായി കുർബാന സ്വീകരിക്കുന്ന അതിരൂപതകളെല്ലാം തന്നെ തങ്ങളുടെ പാരമ്പര്യം അതാണെന്നാണ് പറയുന്നത്. കാരണം, സീറോ മലബാർ സഭയുടെ പാരമ്പര്യം എന്നുപറയുന്നത് പൗരസ്ത്യ ഈസ്റ്റേൺ ചർച്ചാണ്. അതായത് പൗരസ്ത്യ ആരാധാനാ ക്രമമാണ്. അതിൻപ്രകാരം കിഴക്കിന് അഭിമുഖമായി നിന്നിട്ടാണ് ബലി അർപ്പിക്കേണ്ടത്. അത് പിന്തുടരുന്ന ശൈലി ആകണം നമ്മുടേതെന്നാണ് അൾത്താര അഭിമുഖ കുർബാനയെ പിന്താങ്ങുന്നവർ പറയുന്ന കാരണം.’– മലബാർ മേഖലയിൽ ഉൾപ്പെടുന്ന അതിരൂപതയിൽ നിന്നുള്ള, പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു വൈദികൻ പറഞ്ഞു.
വത്തിക്കാനിൽ നിലവിൽ അൾത്താരക്ക് അഭിമുഖമായി നിന്നു കൊണ്ടുള്ള കുർബാന ക്രമമല്ല അനുഷ്ഠിക്കുന്നത്. മറിച്ച് ജനങ്ങൾക്ക് അഭിമുഖമായി നിന്നുകൊണ്ട് നടത്തപ്പെടുന്ന കുർബാനയാണ് സ്വീകരിച്ച് വരുന്നത്. എന്നാൽ ആ രീതി തന്നെ കേരളത്തിലും സാധ്യമാക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് വൈദികൻ പറയുന്നു.
‘വത്തിക്കാനിലെ ആരാധനാക്രമമെന്ന് പറയുന്നത് ലത്തീൻ സഭയാണ്. ലത്തീൻ സഭയാണ് ലോകത്ത് ഏറ്റവും കൂടുതലുള്ള സഭ. ഇവരുടെ പൊതുവായ ആരാധനാ ക്രമമെന്ന് പറയുന്നത് ജനങ്ങളെ നോക്കി ചൊല്ലുന്നതാണ്. അതുകൊണ്ട് അവരെ നോക്കിയിട്ട് നമ്മുടെ കാര്യത്തിന് ഒരു തീർപ്പ് കൽപ്പിക്കാൻ പറ്റില്ല. വത്തിക്കാനിൽ അങ്ങനെയാണ് ചെയ്യുന്നത് അതുകൊണ്ട് ഇവിടേയും അങ്ങനെയാണ് ചെയ്യാൻ പറ്റുക എന്ന് താരതമ്യപ്പെടുത്താൻ സാധിക്കില്ല. കാരണം ലത്തീൻ സഭയുടെ പാരമ്പര്യവും അവരുടെ ആരാധനാ ക്രമരീതികളും നാട്ടിലെ സീറോ മലബാർ സഭ രീതികളും രണ്ടും വ്യത്യസ്തമാണ്. അതുകൊണ്ട് ലത്തീൻ സഭ അവരുടെ പാരമ്പര്യം അനുസരിച്ച് ജനങ്ങൾക്കഭിമുഖമായി നിന്നുകൊണ്ട് കുർബാന ചൊല്ലുന്നു. സീറോ മലബാർ സഭ അവരുടെ പാരമ്പര്യമനുസരിച്ച് ശരിക്കും ജനങ്ങളെ അഭിമുഖീകരിച്ചും പിന്നീട് അൾത്താരയെ അഭിമുഖീകരിച്ചുമാണ് കുർബാന ചെയ്യേണ്ടത്.’–അദ്ദേഹം വ്യക്തമാക്കി.
ജനാഭിമുഖ കുർബാനക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന വൈദികൻ പെട്ടെന്നുണ്ടാക്കുന്ന മാറ്റം വിശ്വാസികൾക്കും തങ്ങൾക്കും ഒരുപോലെ സ്വീകരിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും പറഞ്ഞു.
ചാലക്കുടിയിൽ നിന്നുള്ള എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉൾപ്പെടുന്ന ഒരു വിശ്വാസിക്ക് ഇപ്പോഴും ജനാഭിമുഖ കുർബാനയോട് തന്നെയാണ് താത്പര്യം. തൃശൂർ ഇരിങ്ങാലക്കുട അതിരൂപതയിൽ സിനഡ് പ്രകാരമുള്ള പുതിയ ആരാധാനക്രമം നിലവിൽ വന്നെങ്കിലും അതിനോട് യോജിക്കാൻ പല വിശ്വാസികൾക്കും ഇനിയും കഴിഞ്ഞിട്ടില്ല.
‘ഇതുവരേയും വൈദികർ ജനങ്ങൾക്കഭിമുഖമായി നിന്നുകൊണ്ടാണ് കുർബാന സ്വീകരിച്ച് പോന്നിരുന്നത്. പുതിയ നിയമപ്രകാരം അൾത്താരക്ക് അഭിമുഖമായി നിന്നുകൊണ്ട് കുർബാന ചൊല്ലണം. വൈദികൻ നമ്മളെ നോക്കി കുർബാന ചൊല്ലുന്നതാണ് നമ്മൾ ജനിച്ചപ്പോൾ തൊട്ട് കാണുന്നത്. ഒരാൾ ഫേസ്ടു ഫേസ് സംസാരിച്ചാൽ കിട്ടുന്ന സുഖം പുറംതിരിഞ്ഞ് നിന്ന് പറഞ്ഞാൽ കിട്ടില്ലല്ലോ? അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ജനങ്ങളും ഇതിനെതിരാണ്. പഴയതുപോലെ തന്നെ പോയാൽ മതിയെന്നാണ് അവരുടെ പക്ഷം.’– ചാലക്കുടി സ്വദേശിയായ വിശ്വാസി പറയുന്നു.
‘അങ്കമാലി അതിരൂപതയിൽ നിലവിൽ ഉള്ള ആരാധനാക്രമം തന്നെ തുടർന്ന് പോകാനാണ് വൈദികർ പറയുന്നത്. അവരതിന് സമ്മതിക്കില്ല. തൃശൂർ അതിരൂപതയിലെ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അത് പോരാ, പുതിയ നിയമപ്രകാരം സിനഡ് തീരുമാനത്തെ അംഗീകരിക്കണമെന്നാണ് പറയുന്നത്. പക്ഷേ അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർത്ത് ഒരുപാട് പേര് അവരുടെ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.’ –അദ്ദേഹം വിശദീകരിച്ചു.
‘ഇന്ന് മുതൽ പുതിയ ആരാധനാക്രമം നിലവിൽ വരണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ റോമിൽ നിന്ന് മാർപ്പാപ്പയുടെ പുതിയ അറിയിപ്പ് വന്നിരുന്നു. ഇതുവരെ എങ്ങനെയാണോ നടന്നിരുന്നത് അങ്ങനെ തന്നെ ഇനിയും പോയാൽ മതിയെന്നാണ് പോപ്പ് അറിയിച്ചിരിക്കുന്നത്. പക്ഷേ സിനഡ് തീരുമാനത്തെ അനുകൂലിക്കുന്ന വൈദികരുള്ള സ്ഥലങ്ങളിൽ പുതിയ ആരാധനാക്രമം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.’
കർദിനാൾ ജോർജ്ജ് ആലഞ്ചേരി അൾത്താരക്ക് അഭിമുഖമായി നിന്നുള്ള കുർബാനക്ക് അംഗീകാരം നൽകുകയും അത് നടപ്പിലാക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും പല വൈദികരും വിശ്വാസി സമൂഹവും അതിനെ സ്വീകരിച്ചിട്ടില്ല. മാർപ്പാപ്പ നൽകിയിരിക്കുന്ന നിർദ്ദേശത്തെ സ്വീകരിക്കാനാണ് അവർ താത്പര്യപ്പെടുന്നത്.
വിശ്വാസി എന്ന നിലക്ക് അൾത്താരയിലേക്ക് നോക്കി കുർബാന ചൊല്ലുന്ന രീതിയെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
‘എനിക്ക് മാനസികമായി ഇതിനോട് യോജിക്കാനാകില്ല. എനിക്കെന്നല്ല ഭൂരിഭാഗം വിശ്വാസികൾക്കും അതിനോട് യോജിക്കാനാകില്ല. അച്ചൻമാര് ഞങ്ങളോട് അഭിമുഖമായി നിന്നുകൊണ്ട് കുർബാന ചൊല്ലുന്ന രീതിയോടാണ് എനിക്കിഷ്ടം. ജനിച്ച അന്നുമതൽ കാണുന്നതും കേൾക്കുന്നതും ഈ രീതിയാണ്. അതിന് നേർവിപരീതമായി അച്ചന്റെ ബാക്ക് കണ്ട് കുർബാന സ്വീകരിക്കുന്നതിനോട് ഉൾക്കൊള്ളാൻ കഴിയില്ല. എനിക്കെന്നല്ല ആൾക്കാർക്കൊ അച്ചനെ ഫേസ് ചെയ്തുള്ള രീതിയോടാണ് താൽപര്യം.’– അദ്ദേഹം കൂട്ടിച്ചേർത്തു.
കാലങ്ങളോളമായി ജനാഭിമുഖ കുർബാനക്ക് അനുകൂലമായി നിൽക്കുകയും അൾത്താര അഭിമുഖ കുർബാനയെ എതിർക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന സംഘടനകളും ഇവിടെയുണ്ട്. അൽമായ മുന്നേറ്റ ഫോറത്തിന്റെ പ്രതിനിധിയായ ഷൈജു ആന്റണി ജനാഭിമുഖ കുർബാന തന്നെ പിന്തുടരണമെന്നാണ് അഭിപ്രായപ്പെടുന്നത്.
‘ജനാഭിമുഖ കുർബാന എവിടെയെല്ലാം നടത്തിയിരുന്നുവോ അവിടെയെല്ലാം തുടരാൻ അനുവദിക്കണമെന്നതായിരുന്നു ഞങ്ങളുടെ എല്ലാവരുടേയും അഭിപ്രായം. അതിനുവേണ്ടിയാണ് ഞങ്ങൾ ഇത്രയും കാലം പോരാടിയതും. ജനാഭിമുഖ കുർബാന എന്നുപറയുന്നത് കത്തോലിക്കാ സഭയുടെ ഒരു പുരോഗമനമുഖമാണ്. അത് പണ്ട് കാലത്ത് കേരളത്തിലുണ്ടായിരുന്ന പല അനാചാരങ്ങളും നിർത്തിപ്പോന്നിട്ടുണ്ട്. അതുപോലെ കത്തോലിക്കസഭയിൽ പണ്ട് കിഴക്ക് നോക്കിയാണ് കുർബാന ചൊല്ലിയിരുന്നത്. കിഴക്കു ദിക്കിൽ നിന്നാണ് ദൈവം വരുന്നത് എന്ന് വിശ്വസിച്ച് പോന്നിരുന്ന കാലഘട്ടമുണ്ടായിരുന്നു. ആ കാലഘട്ടത്തിലുണ്ടായിരുന്നു ഒരു കാര്യത്തെ പിന്നീട് രണ്ടാം വത്തിക്കാൻ കൗൺസിൽ വന്നപ്പോൾ മാറ്റി മറിക്കുകയാണുണ്ടായത്. അതിൽ നിന്നും കുറേ പാരമ്പര്യവാദികൾ അല്ലെങ്കിൽ കർദ്ദിനാൾ പക്ഷത്തുള്ള കുറേ കൽദായ വാദികൾ അവർക്ക് വീണ്ടും പഴയതുപോലെ തിരിച്ചു പോകണമെന്നാമ് അവരുടെ ആവശ്യം. ഈ ആവശ്യത്തിനെതിരെയാണ് നമ്മൾ ഈ പ്രക്ഷോഭമെല്ലാം ഉണ്ടാക്കിയത്. വത്തിക്കാന് ഇപ്പോൾ മനസിലായിരിക്കുന്നു, നമ്മൾ പറയുന്നതിൽ കാര്യമുണ്ടെന്ന്. അപ്പോ അതുകൊണ്ട് നമ്മൾ പറയുന്ന ചില കാര്യങ്ങൾ നടത്തി കൊടുക്കേണ്ടതാണെന്ന് വത്തിക്കാന് മനസിലായിരിക്കുന്നു. വത്തിക്കാന് അതിനുള്ള അധികാരം ബിഷപ്പ് കരിയിലിന് കൊടുത്തു. സിനഡ് അങ്ങനെ തീരുമാനിച്ചെങ്കിലും നമ്മൾക്ക് ഇവിടെ കഴിഞ്ഞ 60 കൊല്ലമായിട്ട് തുടരുന്ന ആരാധനാക്രമമായതിനാൽ അത് തന്നെ തുടരാനാണ് ബിഷപ്പ് കരിയിൽ പറഞ്ഞത്. ഇക്കാര്യത്തിൽ വിശ്വാസികൾക്ക് അനുകൂല നിലപാട് എടുത്ത ബിഷപ്പ് കരിയിലിനോടും പോപ്പ് ഫ്രാൻസിസിനോടും ഈ വിഷയത്തിൽ വല്ലാതെ കടപ്പെട്ടിരിക്കുന്നു.’– ഷൈജു ആന്റണി വ്യക്തമാക്കി.
എറണാകുളം-അങ്കമാലി അതിരൂപത മെത്രോപൊലീത്ത വികാരി മാർ ആന്റണി കരിയിൽ രണ്ട് ദിവസം മുമ്പാണ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത വന്നത്. ജനാഭിമുഖ കുർബാന നിലനിർത്തമെന്ന ആവശ്യം മാർപ്പാപ്പയെ അറിയിക്കുകയും ചെയ്തിരുന്നു.
പാലക്കാട്, തൃശൂർ, ചങ്ങനാശ്ശേര, താമരശ്ശേരി അതിരൂപതകൾ പുതിയ ആരാധനാക്രമം നടപ്പിൽ വരുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇരിങ്ങാലക്കുടി രൂപതയിൽ ജനാഭിമുഖ കുർബാന തുടരാനാണ് തീരുമാനം. ഇന്നലെ രാത്രി നടന്ന വൈദിക കൂട്ടായ്മയിലായിരുന്നു തീരുമാനമായത്.
എന്നാൽ സഭയിൽ ഏത് ആരാധാന ക്രമം വന്നാലും ഒരു കുഴപ്പവുമില്ല എന്ന അവസ്ഥയിൽ നിൽക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ക്രിസ്ത്യൻ മതത്തിൽ ഉൾപ്പെടുന്ന ഒരു വിശ്വാസി പറഞ്ഞു. എതിർത്തും അനുകൂലിച്ചും പ്രതിഷേധിക്കുന്നവർ സഭയിൽ പത്ത് ശതമാനം ജനങ്ങൾ മാത്രമായിരിക്കുമെന്നും മറ്റുള്ളവർ ഇക്കാര്യത്തിൽ യാതൊരു തരത്തിലുമുള്ള ഇടപെടലുകളുമില്ലാതെ ജീവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
‘വൈദികൻ ദൈവമോ ദൈവത്തിന്റെ പ്രതിരൂപമോ ഒന്നുമല്ല. മനുഷ്യന്റെ പ്രശ്‌നങ്ങളും മറ്റും ദൈവത്തോട് പറയുന്ന ഒരു മോഡറേറ്റർ മാത്രമാണ് പുരോഹിതൻ. ദൈവത്തെ പോലെ നിന്ന് ജനങ്ങളെ നോക്കി കുർബാന ചൊല്ലേണ്ടവരല്ല പുരോഹിതരെന്നും മറിച്ച് മകേവലം മനുഷ്യനായി മറ്റു ജനങ്ങളുടെ കൂടെ നിന്നു കൊണ്ട് ദൈവത്തിന് മുന്നിൽ അവതരിപ്പിക്കേണ്ട ആളെന്ന് മാത്രം കണ്ടാൽ മതി.’– അൾത്താര അഭിമുഖ കുർബാനയിൽ യോജിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
****