സി.പി.എമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി മാറിയിരിക്കുകയാണ് എൻ.പി. കുഞ്ഞുമോൾ. വയനാട് ബത്തേരി ഏരിയാകമ്മിറ്റി വിഭജിച്ച് രൂപവത്കരിച്ച മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി കുഞ്ഞുമോളെ ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തത്. നാലുവർഷംമുമ്പ് ആലപ്പുഴ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതലയിൽ ജി. രാജമ്മ ഉണ്ടായിരുന്നെങ്കിലും സമ്മേളനത്തിലൂടെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കുഞ്ഞുമോൾ.
അമ്പലവയൽ അത്തിച്ചാൽ സ്വദേശിയാണ് എൻ.പി. കുഞ്ഞുമോൾ. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാസെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. വയനാട് ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഒട്ടേറെ പ്രക്ഷോഭങ്ങൾക്കു നേതൃത്വംനൽകി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അമ്പലവയൽ സർവീസ് സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റുമാണ് എൻ.പി. കുഞ്ഞുമോൾ. മറ്റത്തിൽ പൈലിക്കുഞ്ഞാണ് ഭർത്താവ്. എസ്.എഫ്.ഐ. മുൻ ജില്ലാപ്രസിഡന്റ് സജോണും സൈവജയുമാണ് മക്കൾ.
മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എൻ.പി. കുഞ്ഞുമോൾ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
സി.പി.എമ്മിന്റെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഏരിയാ സെക്രട്ടറി
പാർട്ടി സ്ത്രീകൾക്ക് നൽകുന്ന ഉന്നതമായ സ്ഥാനത്തെ സൂചിപ്പിക്കുന്നതാണ് ഈ തീരുമാനം. ഏരിയാ തലത്തിലേക്ക് പൊതുവേ സ്ത്രീകൾ ഇതുവരെ കടന്നുവന്നിട്ടില്ല. ഏരിയാ കമ്മറ്റികളിൽ പ്രാതിനിധ്യം ഉണ്ടെങ്കിൽ പോലും സെക്രട്ടറി പദം ഇതുവരെ സ്ത്രീകൾക്കാർക്കും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് പാർട്ടി നൽകുന്ന വലിയ അംഗീകാരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. കൂടുതൽ സ്ത്രീകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സാഹചര്യം നമുക്ക് ഇതിലൂടെ ഉണ്ടാകുകയാണ്. അതുവഴി കൂടുതൽ സ്ത്രീകളെ പാർട്ടിയിലേക്ക് അടുപ്പിക്കാനും അവരുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായുമുള്ള ഇടപെടലുകൾ നടത്താനും നമുക്ക് കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സംഘടനാ പ്രവർത്തനത്തിലേക്കുള്ള വഴി
ഡിവൈഎഫ്ഐയിലൂടെയാണ് പാർട്ടി പ്രവർത്തനത്തിലേക്ക് കടന്നു വരുന്നത്. 2001-ലാണ് പാർട്ടി മെമ്പർഷിപ്പിലേക്ക് വരുന്നത്. ഭർത്താവ് പൈലിക്കുഞ്ഞ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. അതേ വർഷം തന്നെ മഹിളാ രംഗത്തും പ്രവർത്തനം ആരംഭിച്ചു. രണ്ടു സംഘടനയിലെയും പ്രവർത്തനങ്ങൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനായി. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് കമ്മറ്റി അംഗമായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. മഹിളാ അസോസിയേഷന്റെ യൂണിറ്റ് സെക്രട്ടറി തലം മുതൽ സ്റ്റേറ്റ് കമ്മറ്റി വരെ പ്രവർത്തിക്കാൻ കഴിഞ്ഞു.
മുന്നോട്ടുള്ള പ്രവർത്തനങ്ങൾ
ഒരു ഏരിയാ കമ്മറ്റി എന്ന് പറയുന്നത് രണ്ട് പഞ്ചായത്തുകളാണ്. അതിൽ അഞ്ച് ലോക്കൽ കമ്മറ്റികൾ കൂടുന്നതാണ് ഒരു ഏരിയ കമ്മറ്റി. അവിടെ താഴേത്തട്ടിലുള്ള സഖാക്കളെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള, ഈ ഏരിയയിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായിട്ട് സിപിഎമ്മിനെ വളർത്തിയെടുക്കുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. സ്ത്രീ പ്രാതിനിധ്യം ഉൾപ്പടെ വർദ്ധിപ്പിച്ചുകൊണ്ട് സ്ത്രീകളെ സമൂഹത്തിനെ മുഖ്യധാരയിലേക്ക് വളർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശവുമുണ്ട്. നിരവധി ജനങ്ങളുടെ പ്രശ്നങ്ങളാണ് ഏറ്റെടുക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് സിപിഎം. അത്തരത്തിൽ ജനങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെന്നുകൊണ്ട് പ്രവർത്തിക്കേണ്ടതായിട്ടുണ്ട്.
സമരവഴികൾ
മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് ഇശമാനിക്കുന്ന് കോളനിയിൽ മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം ഉണ്ടായത്. പ്രസ്ഥാനത്തിനോടൊപ്പം നിന്ന് പോരാടി, ആ പെൺകുട്ടികളെ പീഡിപ്പിച്ചയാളെയും കൂട്ടുനിന്നയാളെയും അറസ്റ്റ് ചെയ്യിപ്പിക്കാനും ശിക്ഷ വാങ്ങി കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. ആ കുട്ടികൾക്ക് നീതി വാങ്ങികൊടുക്കാനുള്ള ഇടപെടൽ നടത്താൻ സാധിച്ചു. അത് ഒരിക്കലും മറന്നുപോകാത്ത വിഷയമാണ്.
വയനാടിന്റെ വിവിധ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് വളരെ ആവേശകരമായി നടത്തിയിട്ടുള്ള സമരങ്ങളുണ്ട്. ആ സമരങ്ങളുടെ ഭാഗമായി ജയിലിൽ പോകേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ട്. വയനാടിനെ മറ്റുള്ള ജില്ലകളുടെ വികസനത്തിനൊത്ത് ഉയർത്തിക്കൊണ്ടുവരാനുള്ള ആവശ്യങ്ങളുന്നയിച്ചാണ് അന്ന് വയനാട് രക്ഷാമാർച്ച് സംഘടിപ്പിച്ചത്. ജില്ല കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു അത്. അതിലൊക്കെ പങ്കാളിയാകാൻ സാധിച്ചത് വലിയൊരു കാര്യമായാണ് കാണുന്നത്. ഇന്നും മറന്നുപോകാതെ മനസ്സിലുള്ള ആവേശോജ്ജ്വലമായ സമരങ്ങളാണത്.
വെല്ലുവിളികൾ
സ്ത്രീ എന്ന നിലയിൽ സംഘടനാ രംഗത്ത് പ്രവർത്തിക്കുമ്പോഴും പലപ്പോഴും സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടേണ്ടി വരുമ്പോഴും പൊതുസമൂഹത്തിൽ നിന്നും വെല്ലുവിളികളുണ്ടാകാറുണ്ട്. അപ്പോഴൊക്കെ കരുത്തായി നിന്നത് എന്റെ പ്രസ്ഥാനമാണ്. ഇനിയും കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനുള്ള ഊർജ്ജമാണ് ഓരോ വെല്ലുവിളികളും.
Content highlights:first elected women area secretary of cpm in kerala np kunjumol speaks