കൊച്ചി > തമിഴ്നാട് മുന് ആരോഗ്യമന്ത്രിയും എംഎല്എയുമായ സി വിജയ്ഭാസ്കറെ കൊച്ചിയിൽ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. അങ്കമാലിയിലെ ജ്വല്ലറിയിൽനിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്ണം വാങ്ങിയെന്ന വെളിപ്പെടുത്തലിനെ തുടര്ന്നാണ് ചോദ്യംചെയ്യൽ.
2016 ല് ജ്വല്ലറിയില് നിന്നും രണ്ടര കേടി രൂപയുടെ സ്വര്ണം വാങ്ങി ശര്മ്മിള എന്ന യുവതി പണം നല്കാതെ വഞ്ചിച്ചു എന്നാണ് ജ്വല്ലറിയുടമയുടെ പരാതി. എന്നാല് വിജയഭാസ്കറിനെ സ്വര്ണം വാങ്ങാന് പരിചയപ്പെടുത്തിയതിന് തനിക്ക് കമീഷനായാണ് സ്വര്ണം ലഭിച്ചത് എന്നാണ് ശര്മിളയുടെ വെളിപ്പെടുത്തല്.
അങ്കമാലി പൊലീസ് സ്റ്റേഷനില് ലഭിച്ച പരാതിയുടെ ഭാഗമായി വലിയ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്. ഇതേത്തുടര്ന്നാണ് ഇഡി കേസെടുത്തത്. കേസില് ശര്മ്മിളയില് നിന്നടക്കം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജയഭാസ്കറിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദിനത്തിനും വിജയ ഭാസ്കറിനെതിരെ വിജിലന്സ് കേസ് നിലനില്ക്കുന്നുണ്ട്.