പാരിസ്
ലോകഫുട്ബോളിലെ അധിപനെ ഇന്നറിയാം. വിഖ്യാത ബാലൻ ഡി ഓർ പുരസ്കാരം പാരിസിൽ ഇന്ന് നൽകും. ഇന്ത്യൻ സമയം രാത്രി ഒന്നിനാണ് വിജയികളെ പ്രഖ്യാപിക്കുക. ലയണൽ മെസി, റോബർട് ലെവൻഡോവ്സ്കി എന്നിവരാണ് പ്രവചനങ്ങളിൽ മുന്നിൽ. വനിതകളിൽ അലെക്സിയ പുറ്റെലയും ജെന്നി ഹെർമെസോയുമാണ് സാധ്യതകളിൽ. ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോളാണ്’ ബാലൻ ഡി ഓർ നൽകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം പുരസ്കാരമുണ്ടായിരുന്നില്ല.
മുപ്പത് അംഗ പട്ടികയിൽനിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. 2019ൽ മെസിയായിരുന്നു ജേതാവ്. ആറുവട്ടം പുരസ്കാരം സ്വന്തമാക്കിയ അർജന്റീനക്കാരൻ ഇത്തവണയും സാധ്യതകളിൽ ഒന്നാമതാണ്. അർജന്റീനയ്ക്കായി കോപ അമേരിക്കയും ബാഴ്സലോണയ്ക്കായി സ്പാനിഷ് കപ്പും നേടി. 41 ഗോളും 14 അവസരങ്ങളും ഈ സീസണിൽ സൃഷ്ടിച്ചു.
ബയേൺ മ്യൂണിക്കിന്റെ ലെവൻഡോവ്സ്കിയാണ് മെസിക്ക് എതിരാളി. കഴിഞ്ഞവട്ടം പുരസ്കാരം ഉറപ്പിച്ചിരുന്നു പോളണ്ടുകാരൻ. പക്ഷേ, കോവിഡ് പ്രതീക്ഷകൾ തകർത്തു. ഇത്തവണയും ഗോളടിച്ചുകൂട്ടിയാണ് വരവ്. 64 ഗോളും 10 അസിസ്റ്റും സ്വന്തംപേരിലുണ്ട്. ബയേണിനായി ക്ലബ് ലോകകപ്പ് ഉൾപ്പെടെ മൂന്ന് കിരീടങ്ങളും നേടി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ജോർജീന്യോ, എൻഗോളോ കാന്റെ, കരീം ബെൻസെമ എന്നിവരെല്ലാം അന്തിമപട്ടികയിലുണ്ട്. റൊണാൾഡോ അഞ്ചുവട്ടം ബാലൻ ഡി ഓർ നേടിയിട്ടുണ്ട്.