വെല്ലിങ്ടൺ: പ്രസവ വേദനയ്ക്കിടിയിലും ആശുപത്രിയിലേക്ക് ഒറ്റയ്ക്ക് സൈക്കിളോടിച്ചെത്തി തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം കൊടുത്ത് വാർത്തകളിലിടം നേടുകയാണ് ന്യൂസിലൻഡ് പാർലമെന്റ് അംഗം ജൂലി ആൻ ജെന്റെർ. ജൂലി തന്നെയാണ്ഇക്കാര്യം സമൂഹ മാധ്യത്തിലൂടെ പങ്കുവെച്ചത്.
“ഇന്ന് പുലർച്ചെ 3.04ന് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗം എത്തിയിരിക്കുന്നു. പ്രസവമടുത്ത സമയത്ത് സൈക്കിൾ ചവിട്ടാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ അങ്ങനെ സംഭവിച്ചുപോയി. ഇപ്പോൾ ഞങ്ങൾക്ക് ആരോഗ്യമുള്ള, സന്തോഷവതിയായ ഒരു കുഞ്ഞുണ്ട് – വിശേഷം പങ്കുവെച്ചുകൊണ്ട് ജൂലി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
പുലർച്ചെ രണ്ട് മണിയോടെയാണ് ജൂലിക്ക് നേരിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയത്. പങ്കാളിയായ പീറ്റർ നൺസിനൊപ്പം കാർഗോ ബൈക്കിൽ ഉടൻ ആശുപത്രിയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ ആശുപത്രിയിലേക്കുള്ള സാധനങ്ങളടങ്ങിയ വലിയ ബാഗ് ഉള്ളതിനാൽ രണ്ട് പേർക്ക് ഒരു സൈക്കിളിൽ പോവാൻ ബുദ്ധിമുട്ടായി. പിന്നാലെയാണ് ജെന്റർ ഒറ്റയ്ക്ക് കാർഗോ ബൈക്കിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. മറ്റൊരു സൈക്കിളിൽ പീറ്ററും ജെന്റെറിനെ അനുഗമിച്ചു.ആശുപത്രിയിൽ എത്തിയതിന് പിന്നാലെ പ്രസവവേദന മൂർഛിക്കുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
സൈക്കിൾ യാത്രയ്ക്കിടയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നുവെന്നാണ് ജൂലി പറയുന്നത്. എന്നാൽ അത് സഹിക്കാൻ പറ്റുന്ന തരത്തിലായിരുന്നു. സൈക്കിൾ യാത്ര പദ്ധതിയിലുണ്ടായിരുന്നില്ല. എല്ലാം ശുഭമായി വന്നതിൽ സന്തോഷമുണ്ടെന്നും ജൂലി പറഞ്ഞു.
ഗ്രീൻ പാർട്ടി അംഗമായ ജൂലി ആൻ ജെന്റെറിനും പങ്കാളിക്കും സ്വന്തമായി കാർ ഇല്ല. സൈക്കിൾ ചവിട്ടികൊണ്ട് ആശുപത്രിയിലെത്തി ആദ്യകുഞ്ഞിനെ പ്രസവിച്ചതിന് ജെന്റെർ നേരത്തേയും വാർത്തകളിലിടം നേടിയിരുന്നു.
ഫെയ്സുബുക്കിൽ ജൂലി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ നിരവധി അഭിനന്ദന കമന്റുകളാണ് വന്നിരിക്കുന്നത്. അതിശയകരം എന്നാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്. വേദനയ്ക്കിടയിലും ജൂലി കാണിച്ച മനോധൈര്യത്തേയും ചിലർ പ്രശംസിക്കുന്നുണ്ട്.
Content Highlights:New Zealand politician cycles to hospital in labour, gives birth