മാലിക്കിലെ ഡേവിഡ്, കനകം കാമിനി കലഹത്തിലെ ജോബി, ചുരുളിയിലെ ഷാജീവൻ. മികച്ച വേഷങ്ങളുമായി മുന്നേറുന്ന വിനയ് ഫോർട്ട് ചുരുളിയെക്കുറിച്ച്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ഉയർത്തിവിട്ട ശ്ലീലാശ്ലീല സംവാദങ്ങളുടെ പുകച്ചുരുളുകൾ പരക്കുകയാണ് സിനിമാപ്രേമികൾക്കിടയിൽ. ചുരുളിയിലെ ‘തെറി’ നാടിന്റെ സംസ്കാരം കളഞ്ഞുകുളിച്ചെന്ന് ചിലർ. സിനിമ നിരോധിക്കണമെന്ന് നടൻ ജോജുവിനെ രാഷ്ട്രീയമായി എതിർക്കുന്നവർ. മലയാളത്തെ ലിജോ ലോകോത്തര നിലവാരത്തിലേക്കുയർത്തിയെന്ന് മറുവിഭാഗം. തർക്കം മൂക്കുമ്പോഴും ഷാജീവൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ട് മിന്നിനിൽക്കുകയാണ്. മഹേഷ് നാരായണന്റെ മാലിക്കിലെ ഡേവിഡ്, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കനകം കാമിനി കലഹത്തിലെ ജോബി തുടങ്ങി ഗംഭീര വേഷങ്ങളാണ് വിനയ് ഫോർട്ടിന് സമീപകാലത്ത് ലഭിച്ചത്. ചുരുളിയെക്കുറിച്ച് വിനയ്:
വിവാദച്ചുരുളുകൾ
പ്രതിഭാധനനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. രണ്ടും മൂന്നും വർഷം കൂടുമ്പോഴാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. അന്താരാഷ്ട്ര മേളകളിൽ അവ ശ്രദ്ധേയമാകാറുമുണ്ട്. അത്രയും ക്രാഫ്റ്റുള്ള സംവിധായകന്റെ സിനിമ ആരോഗ്യകരമായല്ല വിലയിരുത്തപ്പെടുന്നത്. സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത മനുഷ്യരാണ് തെറി ആഘോഷിക്കുന്നത്. സിനിമയെ ഗൗരവപൂർവം സമീപിക്കുന്നവരോ, വിശാലമായി ചിന്തിക്കുന്നവരോ അക്കൂട്ടത്തിലില്ല. നിരവധി സ്ത്രീകൾ ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയയിലൂടെയും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവരൊന്നും അതിലെ തെറിയെയല്ല കണ്ടത്. ക്രിമിനലുകൾമാത്രം ജീവിക്കുന്ന, നിയമങ്ങളൊന്നും ബാധകമല്ലാത്ത മനുഷ്യരുള്ള ഭൂമികയുടെ കഥ പറയുമ്പോൾ കഥാപാത്രങ്ങൾ വിനിമയംചെയ്യുന്നത് അത്തരം വാക്കുകളിലൂടെയാകും എന്ന തിരിച്ചറിവുള്ളവരാണവർ. ഏറ്റവും അടുപ്പമുള്ള സുഹൃദ്വലയങ്ങളിൽ പലരും ഇത്തരം പ്രയോഗങ്ങൾ നടത്താറുണ്ട്. ആ സദസ്സിൽ അത് തെറ്റാണെന്ന് അവിടെയുള്ള ആരും പറയില്ല. നമുക്ക് എല്ലാം പ്രകടിപ്പിക്കാൻ പറ്റുന്ന ഇടങ്ങളിൽ നാം അതൊക്കെ ചെയ്യും. എന്നാൽ, മറ്റൊരു വേദിയിൽ അങ്ങനെയാവില്ല. ജീവിതത്തിൽ ഒരിക്കൽപോലും മോശം വാക്കുകൾ പ്രയോഗിക്കാത്തവരോ, തെറി പറയാത്തവരോ ഉണ്ടെങ്കിൽ അവർ കല്ലെറിയട്ടെ. കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം എന്ന് പറയുന്ന പോലെ, ചുരുളി എങ്ങനെ കാണണമെന്നത് പ്രധാനം.
പല വായന ഒരു സിനിമ
പലവിധ വായനകൾക്ക് വിധേയമായ സൃഷ്ടിയാണ് ചുരുളി. ഞാൻ കാണുന്ന ചുരുളിയല്ല, മറ്റൊരാൾ കാണുന്നത്. നമ്മൾ ചെറുകഥയിലും നോവലിലുമൊക്കെ ഇത്തരത്തിലുള്ള വായനകൾ നടത്താറുണ്ട്. ചില കഥകൾ പത്തുപേർ പത്തുതരത്തിൽ വായിക്കാറുണ്ട്. അത്തരം സൃഷ്ടികൾ കാലാതിവർത്തിയായി നിലനിൽക്കുന്നുമുണ്ട്. അത്തരത്തിൽ വലിയ ചർച്ചകൾ അർഹിക്കുന്ന സിനിമ തന്നെയാണ് ചുരുളി. ഒരുപാട് തലങ്ങളും പൊളിറ്റിക്സും ഈ സിനിമയിലുണ്ട്. വിനോയ് തോമസിന്റെ കഥയും എസ് ഹരീഷിന്റെ തിരക്കഥയും എടുത്തുപറയേണ്ട ഘടകങ്ങളാണ്. ഹരീഷും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോഴുള്ള മാജിക് ചുരുളിയിൽ കാണാം. സാഹിത്യപ്രവർത്തകരുടെ തിരക്കഥയ്ക്ക് ആഴം തോന്നാറുണ്ട്.
ചുരുളിയിലെ പ്രകൃതി
പ്രകൃതിയുടെ വന്യത, നിറം, കാലാവസ്ഥ എന്നിവയെല്ലാം സിനിമയുടെ പൂർണതയ്ക്ക് ഏറെ സഹായിച്ചിട്ടുണ്ട്. കാട്ടിൽ ഉപയോഗപ്പെടുത്താവുന്ന എല്ലാം ഉപയോഗിക്കാൻ സംവിധായകൻ ശ്രദ്ധിച്ചു. കൃത്യമായ ദൃശ്യഭാഷ ചുരുളിയിലുണ്ട്. വൈഡ് ഫ്രെയിമുകളും പ്രകൃതിയുടെ വിസ്മയവും എല്ലാം ചുരുളിയെ മനോഹരമായ ദൃശ്യവിരുന്നാക്കി. അതിനൊപ്പം നിൽക്കാൻ ക്യാമറാമാൻ. വിഷ്വൽ മാജിക് എന്നൊക്കെ പറയാറില്ലേ, അതാണ് ഛായാഗ്രാഹകൻ മധു നീലകണ്ഠൻ കാണിച്ചത്. സൗണ്ട് ഡിസൈനർ രംഗനാഥ് രവിക്ക് ശബ്ദത്തെ സംഗീതമാക്കി മാറ്റാനറിയാം. അവരുടെയൊക്കെ സംഭാവന സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.