അമ്പലപ്പുഴ > ഇന്ത്യൻ ഫുട്ബോളിന്റെ അമരത്ത് കേരളംനിറഞ്ഞ കാലത്തേക്കായിരുന്നു ഷറഫലിയുടെ ആ ഒരു ബാക്പാസ്.. രാജ്യംകണ്ട മികച്ച ഗോളികളിൽ ഒരാളായ കെ ടി ചാക്കോയുടെ മിന്നും സേവുകൾ, സി വി പാപ്പച്ചന്റെ ഡ്രിബ്ലിങ് മിന്നലാട്ടങ്ങൾ, ഉരുക്കുപോലുറച്ച് കുരികേശ് മാത്യു. സാക്ഷിയായി സാക്ഷാൽ ഐ എം വിജയൻ.
കളിയാരവങ്ങളുടെ തനിയാവർത്തനങ്ങൾ ഒപ്പിയെടുക്കാൻ പുന്നപ്രയിലെ ഫ്ലോറൻസ് അരീന ടർഫ് ഗ്രൗണ്ടിൽ ക്യാമറകൾ മിന്നി. ഫെഡറേഷൻ കപ്പ് കിരീടംചൂടി കേരള പൊലീസ് ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്തിയ മുപ്പതാണ്ട് പിന്നിലെ ഓർമ ചിത്രങ്ങളും കാണികളുടെ മനസിൽ തെളിഞ്ഞു. ചരിത്ര നേട്ടത്തിന്റെ ഓർമപുതുക്കി ആ സ്വപ്ന ടീമിലെ സി വി പാപ്പച്ചൻ, യു ഷറഫലി, കെ ടി ചാക്കോ, കുരികേശ് മാത്യു തുടങ്ങി ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരങ്ങൾ വീണ്ടും പന്തുതട്ടി. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൈരളി ടിവി ഒരുക്കിയ സൗഹൃദമത്സരത്തിൽ ക്വാളിറ്റി, സഞ്ജീവനി എന്നീ ടീമുകളിലാണ് പഴയ 30 താരങ്ങൾ കളിച്ചത്.
ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ കലാധരൻ ക്വാളിറ്റിക്കു വേണ്ടി ഗോൾ നേടി. രണ്ടാം പകുതിയിൽ സന്തോഷ് രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഫിഫ റഫറി സന്തോഷ് മത്സരം നിയന്ത്രിച്ചു.
താരങ്ങൾക്ക് കൈരളി ടി വി പ്രത്യേക അനുമോദനവും നൽകി. എ എം ആരിഫ് എംപി മത്സരം ഉദ്ഘാടനംചെയ്തു. എച്ച് സലാം എംഎൽഎ കളിക്കാരെ അനുമോദിച്ചു. ജില്ലാപൊലീസ് മേധാവി ജി ജയദേവ് മുഖ്യാതിഥിയായി.