തിരുവനന്തപുരം > അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള സംഭരണം സർക്കാർ കൂട്ടിയതോടെ സംസ്ഥാനത്ത് പച്ചക്കറി വില താഴുന്നു. മൂന്ന് ദിവസംകൊണ്ട് കർണാടകത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമായി 120 ടൺ പച്ചക്കറിയാണ് നേരിട്ട് സംഭരിച്ച് സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയത്. സർക്കാരിന്റെ വിപണി ഇടപെടൽ ശക്തമായതോടെ വില ഏറ്റവും ഉയർന്നിരുന്ന തക്കാളി ഉൾപ്പെടെയുള്ളവയുടെ വില ഗണ്യമായി കുറഞ്ഞു.
തക്കാളി കിലോയ്ക്ക് പൊതുവിപണിയിൽ നൂറു രൂപവരെ വിലയുള്ളപ്പോൾ ഹോർട്ടികോർപ് 56 രൂപയ്ക്കാണ് വിൽക്കുന്നത്. വിഎഫ്പിസികെയിൽ 60 രൂപ. സവാളയ്ക്ക് 32 രൂപയും ചെറിയ ഉള്ളിക്ക് 46 രൂപയുമാണ് ഹോർട്ടികോർപ് ഈടാക്കുന്നത്. സംസ്ഥാനത്തിനുള്ളിൽനിന്നും പരമാവധി പച്ചക്കറി സംഭരിച്ച് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്കുള്ള പച്ചക്കറിത്തൈ വിതരണവും ഇതിനകം ആരംഭിച്ചു. ആഭ്യന്തര ഉൽപ്പാദനം കൂട്ടുകയാണ് ലക്ഷ്യം.
വിപണിയിൽ വില നിയന്ത്രിതമാകുംവരെ അയൽ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി കൊണ്ടുവരുമെന്ന് ഹോർട്ടികോർപ് എം ഡി ജെ സജീവ് അറിയിച്ചു.