കൊച്ചി > മോഡലുകൾ ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ കാറിനെ പിന്തുടർന്ന സൈജു എം തങ്കച്ചനെ എറണാകുളം ജെഎഫ്സിഎം കോടതി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മനഃപൂർവമല്ലാത്ത നരഹത്യ, ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടർന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്.
വിവിധ മയക്കുമരുന്നുകളുടെയും അവ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളും നിരവധി സ്ത്രീകളുടെ ചിത്രങ്ങളും ഇയാളുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെടുത്തു. സൈജുവിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷകസംഘം വ്യക്തമാക്കി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന സൈജുവിന്റെ ഔഡി കാർ കസ്റ്റഡിയിലെടുക്കും. മോഡലുകളുമായി തർക്കമുണ്ടായെന്നുകരുതുന്ന കുണ്ടന്നൂരിലും അപകടസ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മയക്കുമരുന്ന് സംഘങ്ങളുമായുള്ള മൊബൈൽ ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. വിവിധ നിശാപാർടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് സൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റിലായ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നുകണ്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ച അബ്ദുൾ റഹ്മാൻ മദ്യപിച്ചിരുന്നെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാൾ പിന്തുടർന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. സൈജു നമ്പർ 18 ഹോട്ടലിലെ സ്ഥിരം സന്ദർശകനാണെന്നും പൊലീസ് പറഞ്ഞു. ഇന്റീരിയർ ഡിസൈനറായ സൈജു ഹോട്ടലുടമ റോയി വയലാട്ടിന്റെ അടുത്ത സുഹൃത്താണ്. കോട്ടയം സ്വദേശിയാണ്. വർഷങ്ങളായി കാക്കനാട്ടാണ് താമസം.