‘സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാപിപ്പിക്കും. ആദിവാസി വിഭാഗത്തിലെ വീടുകളില്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനാണ് ആലോചന. അട്ടപ്പാടിയിലെ എല്ലാ വിഷയങ്ങളും പദ്ധതികളും കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നതിനും സംവിധാനം ഒരുക്കും’- അട്ടപ്പാടി സന്ദര്‍ശന ശേഷം മന്ത്രി കെ രാധാകൃഷ്ണന് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
തോരാസങ്കടങ്ങള്… ഉള്ളുലയ്ക്കുന്ന പരാതികള്‍…
പിഞ്ചു കുഞ്ഞുങ്ങളെക്കുറിച്ചുള്ള തീരാവേദനയില്‍ ഞാനിന്ന് കണ്ടതും കേട്ടതും ദൈന്യജീവിതത്തിന്റ നോവും കണ്ണീരുമായിരുന്നു. വെള്ളിയാഴ്ച ശിശുമരണങ്ങളുടെ വിവരമറിഞ്ഞതോടെ നേരെ അട്ടപ്പാടിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ അഗളിയിലെത്തി ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും സംസാരിച്ചു. യോഗം ചേര്‍ന്ന് വിശദമായി വിവരങ്ങള്‍ കേട്ടറിഞ്ഞു.
തുടര്‍ന്ന് പുതൂര്‍, അഗളി പഞ്ചായത്തുകളില്‍ ദുരിത ബാധിതരെ നേരിട്ടു കണ്ടു. അവരുടെ വേദനയില്‍ പങ്കു ചേര്‍ന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്കി. സര്‍ക്കാര്‍ ഈ ഗോത്രവര്‍ഗ ജനതയോടൊപ്പമാണെന്ന് ഞാന്‍ അവര്‍ക്ക് വാക്കു കൊടുത്തു. ആശുപത്രി, റേഷന്‍ സൗകര്യങ്ങള്‍ സംബന്ധിച്ച് ചില ആവശ്യങ്ങള്‍ അവരുന്നയിച്ചു. വളരെ ന്യായമായ കാര്യങ്ങള്‍. നമുക്കത് അടിയന്തിരമായി നടപ്പാക്കണം. ഇനിയൊരു കുഞ്ഞിനും ഈ അവസ്ഥ വരരുത്..
കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നതായിരുന്നു ഏറ്റവും പ്രധാന ആവശ്യം. കുട്ടികളുടെ ഐ.സി.യു. ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും. കുറവുള്ള പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും നഴ്സുമാരുടെയും ഒഴിവുകള്‍ നികത്തും. ഇതിനുള്ള ചെലവ് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് വഹിക്കുന്നതിനാണ് തീരുമാനം.
സിക്കിള്‍ സെല്‍ അനീമിയ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ വ്യാപക ബോധവത്ക്കരണം നടത്തണം.
അട്ടപ്പാടിയുടെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ ആദിവാസിയേയും സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന് മൈക്രോ ലെവല്‍ പ്ലാനിങ്ങ് നടപ്പാക്കാണ് അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാപിപ്പിക്കും. ആദിവാസി വിഭാഗത്തിലെ വീടുകളില്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനാണ് ആലോചന. അട്ടപ്പാടിയിലെ എല്ലാ വിഷയങ്ങളും പദ്ധതികളും കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നതിനും സംവിധാനം ഒരുക്കും.
ആദിവാസികളെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്.മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈ ലക്ഷ്യങ്ങള്‍ സാധ്യമാകൂ. അതിനുള്ള പരിശ്രമമാണ് ഈ നിമിഷം മുതല്‍ ഉണ്ടാകേണ്ടത്. ഈ ഗോത്ര ജനതയുടെ സങ്കടങ്ങളും പേറിയാണ് അട്ടപ്പാടിയില്‍ നിന്ന് മടങ്ങിയത്. ഇവരടക്കം എല്ലാ പട്ടിക വിഭാഗങ്ങളെയും മിടുക്കരാക്കണം. സര്‍ക്കാര്‍ ഒപ്പമുണ്ട്. കുറവുകള്‍ പരിഹരിച്ച് നല്ലൊരു നാളേയ്ക്കായി….
എല്ലാവരും കൂടെ ഉണ്ടാകണം…..