തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ആർ.ബി.ഐ നിയന്ത്രണങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഇൻഷുറൻസ് പരിരക്ഷ വിഷയങ്ങളിൽ ആർ.ബി.ഐ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആർ.ബി.ഐയ്ക്ക് നിവേദനം നൽകും. ഒപ്പം നിയമപരമായും നേരിടും.
നിക്ഷേപകരെ തരംതിരിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ കോടതി വിധി ഉള്ളതാണ്. ഫെഡറൽ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനം. സമാന ആശങ്കൾ നിലനിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കും.
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്പയും അടക്കമുള്ള വിശദവിവരം സംസ്ഥാനങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, കേരളം വഴങ്ങിയിരുന്നില്ല.
കേരളത്തിലെ സഹകരണമേഖലയെ ഒന്നാകെ ബാധിക്കുന്ന ചില നിർദേശങ്ങളാണ് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്നത്.പ്രാഥമിക സഹകരണ ബാങ്കുകൾ ബാങ്ക് എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ആർ.ബി.ഐ.യുടെ പുതിയ ഉത്തരവിലുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ. ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
Content Highlights: Kerala to move Supreme court against stringent RBI guidelines on cooperative banks