മാർപാപ്പയുമായുള്ള കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുനിന്നുവെന്ന് സഭാ വൃത്തങ്ങൾ വ്യക്തമാക്കി. മോൺ. ഫാ. ആൻ്റണി നരികുളവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വത്തിക്കാൻ നിർദേശം ഉൾക്കൊള്ളിച്ചുള്ള സർക്കുലർ ആൻ്റണി കരിയിൽ പുറത്തിറക്കി. നാളെ മുതൽ ആണ് സീറോ മലബാർ സഭയ്ക്ക് കീഴിൽ പരിഷ്കരിച്ച ആരാധനക്രമം നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ, വിവിധ പള്ളികൾ കേന്ദ്രീകരിച്ച് വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്.
കുർബാന പരിഷ്കരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അടക്കം ആറോളം രൂപതകളിൽ പ്രതിഷേധം ശക്തമായിരുന്നു. അതിനിടെ കോടതിയെ സമീപിച്ച ചാലക്കുടി ഫൊറോന പള്ളി പുതിയ കുർബാന രീതിക്ക് താൽക്കാലിക സ്റ്റേ നേടുകയും ചെയ്തു. നിലവിലെ രീതി തുടരനം എന്ന് കോടതി നിർദേശിക്കുകയായിരുന്നു. ഇടവക വിശ്വാസിയായ
വിൽസൺ കല്ലൻ നൽകിയ പരാതിയിൽ ആണ് ചാലക്കുടി മുൻസിഫ് കോടതി നിർദേശം നൽകിയത്.
കുർബാനയിലെ രീതികൾ ഏകീകരിക്കണമെന്ന നിർദേശത്തിൽ എതിർപ്പ് വ്യക്തമാക്കി എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ മുൻപ് മാർപാപ്പയ്ക്ക് കത്ത് എഴുതിയിരുന്നു. മാർപാപ്പയ്ക്ക് അയച്ച കത്തിൽ അതിരൂപതയിൽപ്പെട്ട 466 വൈദികർ ഒപ്പിട്ടു. ഇന്ത്യയിലെ പൗരസ്ത്യ സഭയുടെയും അപ്പോസ്തോലിക് നൂൺസിയോയുടെയും പ്രിഫെക്റ്റിനും മെമ്മോറാണ്ടം അയക്കുകയും ചെയ്തിരുന്നു. ഏകീകരണ രീതി നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ സഭയുടെ ഐക്യത്തെ ബാധിക്കുമെന്നാണ് വൈദികർ വ്യക്തമാക്കിയിരുന്നത്.
സീറോ മലബാർ സഭയുടെ കുർബാന ആചരണത്തിൽ വിവിധ സ്ഥലങ്ങളിൽ പല രീതിയിലുള്ള രീതികളാണ് പിന്തുടരുന്നത്. വിശ്വാസികളെ അഭിമുഖീകരിച്ചും ബലിപീഠത്തെ അഭിമുഖീകരിച്ചുമാണ് കുർബാനയിലെ ഭാഗങ്ങൾ ചൊല്ലുന്നത്. എന്നാൽ, കുർബാനയുടെ ആദ്യഭാഗം ജനങ്ങൾ അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് വത്തിക്കാൻ നൽകിയിരിക്കുന്ന നിർദേശം. മാർപാപ്പ നൽകിയിരിക്കുന്ന ഈ നിർദേശത്തിനെതിരെയാണ് ഒരു വിഭാഗം വൈദികർ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം – അങ്കമാലി അതിരൂപതയടക്കം ആറ് അതിരൂപതകളിൽ ജനാഭിമുഖമായിട്ടാണ് കുർബാന നടത്തുന്നത്.