തിരുവനന്തപുരം
വർഗഐക്യത്തെ വർഗീയതകൊണ്ട് ഭിന്നിപ്പിക്കാനാകില്ലെന്ന് കർഷക സമരം തെളിയിച്ചെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒരു വർഷം തികഞ്ഞ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗസമരമാണ് കർഷകരുടേത്. എല്ലാവരും യോജിച്ചുള്ള സമരത്തെ വർഗീയതകൊണ്ട് തകർക്കാൻ ആർഎസ്എസ് ശ്രമിച്ചു. മോദിയുടെ തകർച്ചയ്ക്ക് കർഷക സമരം തുടക്കംകുറിച്ചു. കൃഷിഭൂമിയിലും കാർഷിക ഉൽപ്പന്നങ്ങളിലും കർഷകർക്ക് അവകാശം വേണം. എല്ലാം കോർപറേറ്റുകൾക്ക് വിട്ടുനൽകിയാൽ കർഷകർ അടിമകളാകും. അതിനാണ് ആർഎസ്എസ് ശ്രമിച്ചത്. എന്നാൽ വിജയിച്ചില്ല. കർഷകരും തൊഴിലാളികളും അണിനിരന്ന വർഗഐക്യമാണ് സമരവിജയത്തിന് കാരണം. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഇത് കരുത്തുപകരും.
ഉൽപ്പന്നങ്ങൾക്ക് മതിയായ താങ്ങുവില പ്രഖ്യാപിക്കുംവരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ 16 ഇനം പച്ചക്കറിക്ക് സർക്കാർ താങ്ങുവില ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവിലയും കേരളത്തിലാണ്. ഈ മാതൃക രാജ്യമാകെ ആവശ്യമാണ്.
കേരളത്തിൽ വർഗീയ ചേരിതിരിവിനുള്ള ശ്രമം ആർഎസ്എസും എസ്ഡിപിഐയും ശക്തിപ്പെടുത്തുന്നു. കേരളത്തെ മലീമസമാക്കാനുള്ള ഗൂഢനീക്കമാണിത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ഈ നീക്കത്തെ ചെറുക്കണമെന്നും കോടിയേരി പറഞ്ഞു.