സ്കൂൾ പ്രവർത്തിസമയം വൈകുന്നേരം വരെയാക്കാൻ ധാരണയായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഇക്കാര്യത്തിൽ നിർണായക തീരുമാനം സ്വീകരിക്കുക. മുഖ്യമന്ത്രിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ ഉച്ചവരെയുള്ള ക്ലാസുകൾക്ക് അവസാനമാകും. യോഗത്തിലെ തീരുമാനം വിദ്യാഭ്യാസ മന്ത്രിയെയും അറിയിക്കും. സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ ഓൺലൈൻ ക്ലാസുകൾ തുടരുമോ എന്ന കാര്യത്തിൽ ഇതോടെ സംശയം ശക്തമായി.
രാവിലെ മുതൽ ഉച്ചവരെയുള്ള ക്ലാസുകൾ തുടരേണ്ടതില്ലെന്നും മുൻപ് ഉണ്ടായിരുന്ന സമയക്രമമായ രാവിലെ മുതൽ വൈകുന്നേരം വരെയാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനമായത്. കൊവിഡ്-19 ആശങ്ക മാതാപിതാക്കളിൽ കുറഞ്ഞതും കുട്ടികൾ മടിയില്ലാതെ ഈ ഘട്ടത്തിലും സ്കൂളുകളിൽ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ എത്രയും വേഗം പഴയ നിലയിലേക്ക് ക്ലാസുകൾ തിരികെ എത്തിക്കണമെന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്.
കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതൽ വൈകുന്നേരം വരെയാകും ക്ലാസുകൾ. ക്ലാസുകൾ ഉച്ചവരെ മാത്രമായതിനാൽ ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന പരാതി അധ്യാപകരിൽ വ്യാപകമായിരുന്നു. പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കണമെന്നും യോഗത്തിൽ തീരുമാനമായി.