തിരുവനന്തപുരം: സ്കൂൾ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ധാരണ. ഇന്ന് ചേർന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികൾ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്.
എത്രയുംവേഗം സ്കൂളുകളുടെ പ്രവൃത്തിസമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. 90 ശതമാനത്തിലധികം കുട്ടികൾ സ്കൂളുകളിലെത്താൻ തുടങ്ങിയെന്നും രക്ഷിതാക്കളുടെ ഭയം മാറിവരികയാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാണ്. അതിനാൽ തന്നെ ഉച്ച വരെയുള്ള ക്ലാസുകൾ ഇനി തുടരേണ്ടതില്ലെന്നും പഴയപടി ക്ലാസുകൾ രാവിലെ മുതൽ വൈകുന്നേരം വരെയാക്കാനും യോഗത്തിൽ ധാരണയായി.
യോഗത്തിലെ തീരുമാനം വിദ്യാഭ്യാസമന്ത്രിയേയും മുഖ്യമന്ത്രിയേയും അറിയിക്കും. ഇതിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതൽ വൈകുന്നേരം വരെയാകും ക്ലാസുകൾ. ഇതോടെ ഓൺലൈൻ ക്ലാസുകൾ ഇനിയുണ്ടാകില്ലെന്നാണ് സൂചന. സ്കൂൾ തുറന്നതിന് ശേഷം കുട്ടികളിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതും തീരുമാനമെടുക്കുന്നതിൽ നിർണായകമായി.
Content Highlights:school working time to be brought back to normal school timings