ഫത്തോർദ
അവസരങ്ങൾ പാഴാക്കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ജയം തുലച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോളില്ലാതെയാണ് അവസാനിപ്പിച്ചത്. ആദ്യകളിയിൽ എടികെ മോഹൻ ബഗാനോട് തോറ്റിരുന്നു.
രണ്ട് മികച്ച അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് തുലച്ചത്.ആദ്യപകുതിയിൽ ജോർജ് ഡയസ്. അഡ്രിയാൻ ലൂണ നോർത്ത് ഈസ്റ്റ് താരങ്ങളെ കൃത്യമായി മറികടന്ന് നൽകിയ പാസ് ഡയസ് പാഴാക്കി. ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ ഗോളിലേക്കുള്ള വഴി ബ്ലാസ്റ്റേഴ്സ് മുന്നേറ്റക്കാരൻ കണ്ടില്ല.
രണ്ടാമത്തേത് രണ്ടാംപകുതിയിൽ സഹൽ അബ്ദുൾ സമദ്.ഇക്കുറി വിൻസി ബരെറ്റോയുടെ കുതിപ്പാണ് പാഴായത്. വലതുവശത്ത് രണ്ട് നോർത്ത് ഈസ്റ്റ് താരങ്ങളെ മറികടന്ന് ബരെറ്റോ കുതിക്കുമ്പോൾ ഗോൾ മാത്രമായിരുന്നു ലക്ഷ്യം. അനുകൂലമായ സാഹചര്യം. ഓടിയെത്തുന്ന സഹലിലേക്ക് ബരെറ്റോ പന്ത് നൽകി. പക്ഷേ, ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ സഹൽ ഗോളിലേക്കല്ല തൊടുത്തത്. സുവർണാവസരം ഈ മലയാളിതാരം പുറത്തേക്കടിച്ചുകളഞ്ഞു.
അവസാനഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഒരിക്കൽക്കൂടി ഗോളിന് അരികെയെത്തി. പകരക്കാരനായെത്തിയ അൽവാരോ വാസ്ക്വേസിന്റെ ഹെഡർ ഗോൾ കീപ്പർ സുഭാശിഷ് റോയ് ഒറ്റക്കൈകൊണ്ട് തട്ടിയകറ്റി. മറുവശത്ത് ഹെർണൻ സന്റാനയുടെ മിന്നുന്ന ഫ്രീകിക്ക് നേരിയ വ്യത്യാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഗോൾവല തൊടാതെ കടന്നുപോയത്. നോർത്ത് ഈസ്റ്റിന് വേറെ മികച്ച അവസരങ്ങൾ കിട്ടിയില്ല.
ഞായറാഴ്ച ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.