സിംഗപ്പുർ
‘പ്രവൃത്തിപരിചയമുള്ള ഒരു നഴ്സിനെ കണ്ടെത്തുന്നവർക്ക് 12,000 ഡോളർ സമ്മാനം’ –- സിംഗപ്പുരിലെ പ്രധാന ആശുപത്രികളിലൊന്ന് ജീവനക്കാർക്ക് നൽകിയ സർക്കുലറാണ്. പുതുതായി പഠിച്ചിറങ്ങിയ നഴ്സിനെയാണ് കൊണ്ടുവരുന്നതെങ്കിൽ 3600 ഡോളറാണ് സമ്മാനം. കോവിഡ്കാലത്ത് നിരവധിപേർ ജോലി വിട്ടതോടെ സിംഗപ്പുരിൽ നഴ്സ് ക്ഷാമം രൂക്ഷമാണ്.
രണ്ടു പതിറ്റാണ്ടിലാദ്യമായി സിംഗപ്പുരിൽ കഴിഞ്ഞ വർഷം നഴ്സ് ക്ഷാമമുണ്ടായിരുന്നു. ഇത് ഈ വർഷം രൂക്ഷമായി. 2021ന്റെ ആദ്യപാതിയിൽ 1500 ആരോഗ്യപ്രവർത്തകർ രാജിവച്ചതായാണ് സർക്കാർ കണക്ക്. ആൾക്ഷാമം രൂക്ഷമായതോടെ നിരവധി ആശുപത്രിയിൽ വാർഡുകൾ വെട്ടിക്കുറച്ചു.
സിംഗപ്പുരിൽ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ, ക്യാനഡപോലുള്ള രാജ്യങ്ങളിൽ തൊഴിൽ ലഭിക്കാനുള്ള ചവിട്ടുപടിയായാണ് സാധാരണ വിദേശ നഴ്സുമാർ ഇവിടത്തെ ജോലിയെ കണക്കാക്കുന്നത്.