Also Read:
മൊഫിയയുടെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മൊഫിയയുടെ സഹപാഠികള്‍ എസ്പി ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധിച്ചു. സംഭവത്തില്‍ 17 നിയമ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.
സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികള്‍ ഉള്ളത്.
സിഐ സുധീര്‍ മകളെ മനോരോഗിയെന്നു വിളിച്ച് അധിക്ഷേപിച്ചതായി മൊഫിയയുടെ അമ്മ പ്യാരി പറഞ്ഞു. ‘സിഐയുടെ ചോദ്യം മകളെ മാനസികമായി തകര്‍ത്തു കളഞ്ഞു. സുധീര്‍ മോശമായി സംസാരിച്ചു’, പ്യാരി വ്യക്തമാക്കി.
സംഭവ ദിവസം സിഐയുടെ മുന്നില്‍ വെച്ച് സുഹൈല്‍ മൊഫിയയെ അപമാനിച്ചു. സ്ത്രീത്വത്തെ അപമാനിച്ചിട്ടും സിഐ പ്രതികരിച്ചില്ല. സഹിക്കാന്‍ കഴിയാത്ത ഭാഷയില്‍ സംസാരിച്ചതുകൊണ്ടാണ് മൊഫിയ സുഹൈലിനെ അടിച്ചത്. ഇതോടെ നീ മനോരോഗിയല്ലേ എന്നു ചോദിച്ചുകൊണ്ട് സിഐ മൊഫിയയ്ക്കെതിരെ തിരിഞ്ഞു. സിഐ ഇത്തരത്തില്‍ സംസാരിച്ചതാണ് മൊഫിയയെ തകര്‍ത്തു കളഞ്ഞതെന്ന് പ്യാരി പറയുന്നു.
അതേസമയം മൊഫിയ നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് വീഴ്ച പറ്റിയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 29 ന് പരാതി ഡിവൈഎസ്പി സിഐക്ക് കൈമാറിയിരുന്നു. എന്നാല്‍ സിഐ നടപടി സ്വീകരിച്ചില്ല. കേസെടുക്കാതെ 25 ദിവസത്തോളം സിഐ കേസ് വൈകിപ്പിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read:
ഡിഐജി നീരജ് കുമാര്‍ ഗുപ്ത നടത്തിയ അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്. സുധീര്‍ കേസിന്റെ തുടര്‍ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. എന്നാല്‍ കേസ് എടുക്കുന്ന കാര്യത്തില്‍ അടക്കം മേല്‍നോട്ടം വഹിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.