കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ ഹൈക്കോടതി. റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെക്കണമെന്ന്കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷവിമർശനംഉന്നയിച്ചത്.
കഴിഞ്ഞ വർഷം കോടതി ഇടപെട്ട് നന്നാക്കിയനിരവധി റോഡുകളുണ്ട്. എന്നാൽ മാസങ്ങൾക്കകം അത് വീണ്ടും പഴയപടിയായി. ഇത് ശരിയായ നടപടിയല്ല. ഈ റോഡുകൾ അടിയന്തരമായി നന്നാക്കാൻ സംവിധാനമില്ലേ എന്ന് കോടതി കൊച്ചി നഗരസഭയോട് ചോദിച്ചു. എന്നാൽ റോഡ് തകർന്നാൽ അടിയന്തരമായി നന്നാക്കാൻ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭ മറുപടി നൽകിയത്.
റോഡ് കൃത്യമായി നിർമിക്കാൻ അറിയാത്ത എൻജിനീയർമാർ രാജിവെക്കണം. വകുപ്പിൽ മികച്ച എൻജിനീയർമാരില്ലെങ്കിൽ കഴിവുള്ള ആളുകൾ പുറത്തുണ്ട്. അവർക്ക് അവസരം നൽകണമെന്നും കോടതി പറഞ്ഞു.
ന്യായീകരണങ്ങൾ മാറ്റി നിർത്തണം. റോഡ് നിർമാണങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.