തിരുവനന്തപുരം
സംസ്ഥാന സർക്കാർ ഒരുക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (മെഡിസെപ്) ഗുണഭോക്താവിന് ലഭിക്കുക പ്രതിവർഷം മൂന്നുലക്ഷം രൂപയുടെ ചികിത്സസഹായം. ആദ്യഘട്ടത്തിൽ മൂന്നുവർഷത്തേക്കാണ് പദ്ധതി.
ചെലവഴിച്ചില്ലെങ്കിൽ പ്രതിവർഷ പരിരക്ഷയിലെ ഒന്നരലക്ഷം രൂപ മൂന്നുവർഷത്തിനുള്ളിൽ എപ്പോഴും ഉപയോഗിക്കാം. അവയവമാറ്റ ചികിത്സയ്ക്കും പ്രത്യേക തുക അനുവദിക്കും. ഇതിനായി ഇൻഷുറൻസ് കമ്പനി 35 കോടി രൂപയിൽ കുറയാത്ത പ്രത്യേക കോർപ്പസ് ഫണ്ട് രൂപീകരിക്കും. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് നടത്തിപ്പ്.
പരിരക്ഷ ആർക്കൊക്കെ
സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർട്ട്ടൈം അധ്യാപകർ, എയ്ഡഡ് സ്കൂളുകളിലെ ഉൾപ്പെടെ അധ്യാപക–- അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ, ഇവരുടെ ആശ്രിതർ എന്നിവർ പദ്ധതിയുടെ ഭാഗമാകും. സംസ്ഥാന സർവീസിലെ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും ഗുണഭോക്താക്കളാകാം. സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, ധനകാര്യ സമിതികളുടെ ചെയർമാൻമാർ എന്നിവർ നേരിട്ട് നിയമിക്കുന്ന പേഴ്സണൽ സ്റ്റാഫ്, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ആശ്രിതരും ഗുണഭോക്താക്കളാണ്.
എന്തിനൊക്കെ
എംപാനൽ ചെയ്യുന്ന ആശുപത്രികളിലെ ചികിത്സച്ചെലവ്, മരുന്നുവില, ഡോക്ടർ/ അറ്റൻഡന്റ് ഫീസ്, മുറിവാടക, പരിശോധന നിരക്ക് എന്നിവ പരിരക്ഷയിൽ ഉൾപ്പെടും. അടിയന്തര ഘട്ടങ്ങളിലെ എംപാനൽ ചെയ്യാത്ത ആശുപത്രിയും പരിഗണിക്കും.