വെല്ലിങ്ടൺ
അന്താരാഷ്ട്ര യാത്രക്കാർക്കായി ന്യൂസിലൻഡ് തുറക്കുന്നു. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ പൗരർക്ക് ജനുവരിമുതൽ തിരിച്ചെത്താം. വിദേശ യാത്രക്കാർക്ക് ഏപ്രിൽമുതലാണ് അനുമതി. കോവിഡിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ വിലക്കാണ് നീക്കുന്നത്.
ഓസ്ട്രേലിയയിൽ കുടുങ്ങിയ ന്യൂസിലൻഡുകാർക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചെത്താൻ അനുമതി (ജനുവരി 16 മുതൽ). കോവിഡ് വാക്സിന്റെ മുഴുവൻ ഡോസും സ്വീകരിച്ചവരായിരിക്കണം. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് ഫെബ്രുവരി 13 മുതലും വിദേശ യാത്രക്കാർക്ക് ഏപ്രിൽ 30 മുതലുമാണ് അനുമതി നൽകുന്നത്. മുമ്പ് കോവിഡ് തീവ്രബാധിത പട്ടികയിൽപ്പെടുത്തിയിരുന്ന ഇൻഡ്യ, ബ്രസീൽ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും അനുമതിയുണ്ട്.പൂർണ വാക്സിൻ എടുത്ത മറ്റ് രാജ്യക്കാർക്ക് അടുത്തയാഴ്ചമുതൽ പ്രവേശനം അനുവദിക്കുമെന്ന് മലേഷ്യയും സിംഗപ്പുരും വ്യക്തമാക്കി. തിങ്കൾമുതൽ ഘട്ടംഘട്ടമായി ഇളവ് നൽകും.