നൗകാമ്പ്
ബാഴ്സലോണ മരണക്കുഴിയിൽ. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബെൻഫിക്കയോട് ഗോളില്ലാതെ പിരിഞ്ഞതോടെ പുറത്തേക്കുള്ള വഴിയിലായി. അടുത്ത കളിയിൽ ബയേൺ മ്യൂണിക്കിനോട് ജയം നേടാതിരിക്കുകയും ബെൻഫിക്ക ഡൈനാമോ കീവിനെ തോൽപ്പിക്കുകയും ചെയ്താൽ ബാഴ്സ പ്രീ ക്വാർട്ടർ കാണാതെ മടങ്ങും. 2001നുശേഷം എല്ലാ സീസണിലും ബാഴ്സ ഗ്രൂപ്പുഘട്ടം കടന്നിട്ടുണ്ട്. ഇ ഗ്രൂപ്പിൽ ഏഴ് പോയിന്റുമായി രണ്ടാമതുണ്ട് ബാഴ്സ. കളിച്ച അഞ്ചും ജയിച്ച ബയേൺ നേരത്തേ മുന്നേറിയിരുന്നു. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് നോക്കൗട്ട് പ്രവേശനം. മൂന്നാമതുള്ള ബെൻഫിക്കയ്ക്ക് അഞ്ച് പോയിന്റുണ്ട്.
നിർണായകപോരാട്ടത്തിൽ വിയ്യാറയലിനെ രണ്ട് ഗോളിന് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന പതിനാറിലെത്തി. 78–-ാംമിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അവരെ മുന്നിലെത്തിച്ചത്. കളിയവസാനം ജെയ്ഡെൻ സാഞ്ചോ ലീഡുയർത്തി. യുവന്റസിനെ നാല് ഗോളിന് തകർത്ത് ചാമ്പ്യൻമാരായ ചെൽസിയും പ്രീ ക്വാർട്ടർ ടിക്കറ്റെടുത്തു. ട്രെവോ ചലോബാ, റീസെ ജയിംസ്, കല്ലം ഹഡ്സൺ ഒഡോയ്, ടിമോ വെർണർ എന്നിവർ ലക്ഷ്യംകണ്ടു. ബയേൺ ഡൈനാമോ കീവിനെ 2–-1ന് വീഴ്ത്തി. മഞ്ഞുപെയ്ത മൈതാനത്ത് ബൈസിക്കിൾ കിക്കിലൂടെ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബയേണിനെ മുന്നിലെത്തിച്ചത്.